വലേറ്റ: 2026–27 അധ്യയന വർഷത്തിൽ മാൾട്ട സർവകലാശാലയിൽ 5,500ലേറെ പുതിയ വിദ്യാർഥികൾ പഠനം ആരംഭിച്ചു. കെ.എസ്.യു ഫ്രഷേഴ്സ് വീക്കിന് തുടക്കമായതോടെയാണ് പുതിയ വിദ്യാർഥികൾ സർവകലാശാലാ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
പുതുതായി പ്രവേശനം നേടിയവരിൽ 2,500ലേറെ പേർ ബിരുദ കോഴ്സുകളിലും 2,200ലേറെ പേർ ബിരുദാനന്തര പഠനത്തിലുമാണ് ചേരുന്നത്. ഇതിന് പുറമെ, ഏകദേശം 350 Erasmus+ വിദ്യാർഥികളും മൈക്രോ-ക്രെഡൻഷ്യൽ കോഴ്സുകൾക്കായി 500ഓളം സന്ദർശക വിദ്യാർഥികളും ഈ അധ്യയന വർഷം സർവകലാശാലയിലെത്തുന്നുണ്ട്.
130 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 2,000 അന്താരാഷ്ട്ര വിദ്യാർഥികളും 2026–27 അധ്യയന വർഷത്തിൽ മാൾട്ട സർവകലാശാലയിൽ പഠനം നടത്തും. വിവിധ വിഭാഗങ്ങളിലായി 931 കോഴ്സുകളിലായി 13,000ലേറെ വിദ്യാർഥികളാണ് നിലവിൽ സർവകലാശാലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.അതേസമയം, മാൾട്ടയിലെ ജൂനിയർ കോളേജിലും ഈ വർഷം 1,100ലേറെ പുതിയ വിദ്യാർഥികൾ പ്രവേശനം നേടി. ഇതോടെ ജൂനിയർ കോളേജിലെ ആകെ വിദ്യാർഥികളുടെ എണ്ണം 2,100 കവിഞ്ഞു.
പുതിയ അധ്യയന വർഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സർവകലാശാലയിലെ സർ ടെമി സമിത് ഹാളിൽ നടന്നു. സർവകലാശാലയുടെ പുതിയ റെക്ടർ പ്രൊഫ. ഫ്രാങ്ക് ബെസീന പുതിയ വിദ്യാർഥികളെ സ്വാഗതം ചെയ്ത് ആദ്യമായി ഉദ്ഘാടന പ്രസംഗം നടത്തി.‘Building Tomorrow through Knowledge, Purpose and Community’ എന്ന പ്രമേയത്തിലായിരുന്നു ചടങ്ങ്. മാറിവരുന്ന വെല്ലുവിളികളോട് പ്രതികരിക്കുന്നതിലും രാജ്യത്തിന്റെ വികസനത്തിനും പൊതുചർച്ചകൾക്കും സംഭാവന നൽകുന്നതിലും സർവകലാശാലയ്ക്ക് പ്രധാന പങ്കുണ്ടെന്ന് ബെസീന പറഞ്ഞു.സർവകലാശാലയിലെ അധ്യാപനവും ഗവേഷണവും രാജ്യത്തിന് ഗുണകരമായ ഫലങ്ങൾ സൃഷ്ടിക്കണമെന്നാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾ അക്കാദമിക് പഠനത്തിൽ മാത്രം ഒതുങ്ങാതെ സർവകലാശാലാ ജീവിതത്തിന്റെ മറ്റ് സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് കെ.എസ്.യു പ്രസിഡന്റ് നിക് മസ്കറ്റ് ആഹ്വാനം ചെയ്തു. വിദ്യാർഥി സംഘടനകളിലും വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.വിദ്യാർഥികൾക്ക് ആവശ്യമായ അറിവും യോഗ്യതയും നൽകുന്നതിനൊപ്പം അവരുടെ കഴിവുകളും ആത്മവിശ്വാസവും അഭിലാഷങ്ങളും വളർത്തുന്ന ഇടമായി സർവകലാശാല മാറണമെന്നാണ് ലക്ഷ്യമെന്ന് മന്ത്രി ബൈറൺ കാമില്ലേരി പറഞ്ഞു.വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളിലും സാമ്പത്തിക നിക്ഷേപങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിദ്യാർഥികളുടെ അറിവ്, കഴിവ്, പ്രതിഭ, സാധ്യതകൾ എന്നിവ വികസിപ്പിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




























