വാഷിങ്ടൺ: ഗ്രീൻലാൻഡ് കരസ്ഥമാക്കുന്നതിനായി സൈനിക നടപടി ഉൾപ്പെടെയുള്ള ‘നിരവധി സാധ്യതകൾ’ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചർച്ച ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ്. നാറ്റോ സഖ്യരാജ്യമായ ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണപ്രദേശവും ലോകത്തെ ഏറ്റവുംവലിയ ദ്വീപുമാണ് ഗ്രീൻലൻഡ്. ദേശീയ സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് ഇതിനെ യുഎസ് സ്വന്തമാക്കാൻ ഒരുങ്ങുന്നതെന്നാണ് വൈറ്റ്ഹൗസിന്റെ വാദം.’ഗ്രീൻലൻഡ് സ്വന്തമാക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുൻഗണനയാണ്. ആർട്ടിക് മേഖലയിലെ നമ്മുടെ എതിരാളികളെ ചെറുക്കാൻ ഇത് നിർണായകമാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു’ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പ്രസിഡന്റും അദ്ദേഹത്തിന്റെ ടീമും ഈ ലക്ഷ്യം നേടുന്നതിനായി വിവിധ സാധ്യതകൾ ചർച്ച ചെയ്യുന്നു. യുഎസ് സൈന്യത്തെ ഉപയോഗിക്കുന്നത് എല്ലായ്‌പ്പോഴും കമാൻഡർ-ഇൻ-ചീഫിന്റെ പക്കലുള്ള ഒരു ഒപ്ഷനാണ്- വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം ഗ്രീൻലൻഡ് വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎസ് നിയമനിർമതാക്കളോട് ഈ ആഴ്ച പറഞ്ഞതിന് പിന്നാലെയാണ് വൈറ്റ്ഹൗസ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ട്രംപിന്റെ ഭീഷണികൾക്ക് പിന്നാലെ യുഎസിന്റെ ഏത് ആക്രമണവും നാറ്റോയുടെ അന്ത്യത്തിലേക്ക് നയിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ചൊവ്വാഴ്ച, ആറ് യൂറോപ്യൻ സഖ്യകക്ഷികൾ ഡെൻമാർക്കിന് പിന്തുണ പ്രഖ്യാപിച്ചു. ‘ഗ്രീൻലൻഡ് അവിടുത്തെ ജനങ്ങളുടേതാണ്, ഡെൻമാർക്കിനും ഗ്രീൻലൻഡിനും മാത്രമേ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ’, യുകെ, ഫ്രാൻസ്, ജർമനി,ഇറ്റലി, പോളണ്ട്, സ്‌പെയിൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിലെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ആർട്ടിക് സുരക്ഷയിൽ അമേരിക്കയെപ്പോലെ തങ്ങൾക്കും താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയ യൂറോപ്യൻ രാജ്യങ്ങൾ അത് നാറ്റോ സഖ്യകക്ഷികൾ കൂട്ടായി കൈവരിക്കേണ്ട ഒന്നാണെന്നും പ്രസ്താവനയിൽ അറിയിച്ചു. ‘പരമാധികാരം, പ്രദേശിക സമഗ്രത, അതിർത്തികൾ ലംഘിക്കാതിരിക്കുക എന്നിവയുൾപ്പെടെ യുഎൻ ചാർട്ടറിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണം’ എന്നും അവർ ആവശ്യപ്പെട്ടു.
ഇതിനിടെ യുഎസ് സൈനിക നടപടികളിലേക്ക് കടക്കുമോ എന്ന ചോദ്യത്തിന് ഇതിനായി ആരും യുഎസുമായി യുദ്ധത്തിന് വരില്ലെന്നായിരുന്നു വൈറ്റ്ഹൗസ് വൃത്തങ്ങളുടെ പ്രതികരണം. യുഎസ്, യൂറോപ്പ്, റഷ്യ എന്നിവയ്ക്ക് ഇടയിലുള്ള തന്ത്രപ്രധാനമായ 836,000 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ദ്വീപാണ് ഗ്രീൻലൻഡ്. ധാരാളം പ്രകൃതിവിഭവങ്ങളുള്ള ഈ ദ്വീപ് ട്രംപ് വളരെക്കാലമായി കണ്ണുവെച്ചിട്ടുണ്ട്. എണ്ണ, വാതകം, അപൂർവ ധാതുക്കൾ എന്നിവയുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളുടെ സമ്പന്നമായ നിക്ഷേപം ഗ്രീൻലൻഡിനെ കൂടുതൽ തന്ത്രപ്രധാനമാക്കുന്നു.
2024 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെ, ഗ്രീൻലാൻഡ് വാങ്ങാനുള്ള തന്റെ മുൻകാല ഓഫർ ട്രംപ് വീണ്ടും ഉയർത്തിക്കൊണ്ടുവന്നിരുന്നു. ഒരു വർഷം മുൻപ് ട്രംപ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സൈനിക നടപടിക്കുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല.
കഴിഞ്ഞ മാർച്ചിൽ യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ട്രംപ് ഭീഷണി കടുപ്പിച്ചു.’ഞങ്ങൾ അത് നേടുമെന്ന് ഞാൻ കരുതുന്നു. ഒന്നല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ ഞങ്ങൾ അത് നേടും’ ഗ്രീൻലൻഡിനെ കുറിച്ച് ട്രംപ് പറഞ്ഞു.
അതേസമയം ട്രംപ് ഭരണകൂടം ആക്രമണത്തിലൂടെ ഗ്രീൻലൻഡ് സ്വന്തമാക്കാൻ ഉദ്ദേശമില്ലെന്നും ഡെന്മാർക്കിൽനിന്ന് അത് വാങ്ങിയെടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എംപിമാരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെ ഉദ്ധരിച്ചാണ് അവരുടെ റിപ്പോർട്ട്.































