സിഡ്‌നിയിലെ വീടുകളിൽ ഇനി വെള്ളക്കരം കൂടും.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സിഡ്‌നിയിലെ ശരാശരി ഒരു വീട്ടിലെ വാട്ടർ ബില്ലിൽ $475-ൻ്റെ വർദ്ധനവുണ്ടാകുമെന്ന് വിലയിരുത്തൽ.ഇൻഡിപെൻഡന്റ് പ്രൈസിംഗ് ആൻഡ് റെഗുലേറ്ററി ട്രിബ്യൂണൽ (IPART) ആണ് ഇത് സംബന്ധിച്ച പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
പുതിയ തീരുമാനം അനുസരിച്ച്, സിഡ്‌നി വാട്ടറിനും വാട്ടർ NSW-നും ഗ്രേറ്റർ സിഡ്‌നി ഏരിയയിലെ താമസക്കാരിൽ നിന്ന് ഇനി മുതൽ വർദ്ധിപ്പിച്ച നിരക്കുകൾ ഈടാക്കാം. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും.
പുതിയ നിരക്ക് വർദ്ധനവ് അനുസരിച്ച്, സാധാരണ ഒരു വീട്ടിലെ വാട്ടർ ബിൽ പ്രതിവർഷം 11.8% വർദ്ധിക്കും. നിലവിൽ ശരാശരി $1220 ആണ് വാർഷിക ബിൽ എങ്കിൽ, 2025-26 ഓടെ ഇത് $1388 ആയും 2029-30 ഓടെ $1695 ആയും ഉയരും. സിഡ്‌നിയിലെ ജനസംഖ്യാ വർദ്ധനവ്, മെച്ചപ്പെട്ട സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യം എന്നിവ കണക്കിലെടുത്താണ് ഈ വിലവർദ്ധനവ് എന്നാണ് അധികൃതരുടെ വിശദീകരണം.
നഗരത്തിലെ ജലവിതരണ സംവിധാനങ്ങൾ നവീകരിക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ തുക കണ്ടെത്താനാണ് ഈ നിരക്ക് വർദ്ധനവ് നടപ്പാക്കുന്നതെന്നാണ് സിഡ്‌നി വാട്ടർ പറയുന്നത്. ഇത് കുടുംബങ്ങളുടെ ജീവിതച്ചെലവ് വീണ്ടും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.