പെർത്ത്: വാടക വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും താമസിക്കുന്നവർക്ക് സ്വന്തമായി സൗരോർജ്ജം ഉത്പാദിപ്പിക്കാൻ അവസരമൊരുങ്ങുന്നു. ഓസ്‌ട്രേലിയൻ ഊർജ്ജ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി ബാൽക്കണി പ്ലഗ്-ഇൻ സോളാർ സംവിധാനങ്ങൾ നിയമവിധേയമാക്കുന്നതിനുള്ള നടപടികൾ വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാർ ആരംഭിച്ചു. ഇതോടെ രാജ്യത്ത് ഈ സംവിധാനം അനുവദിക്കുന്ന ആദ്യ സംസ്ഥാനമായി വെസ്റ്റേൺ ഓസ്‌ട്രേലിയ മാറും.
ബാൽക്കണികളിൽ ഘടിപ്പിക്കാവുന്ന പ്ലഗ്-ഇൻ സോളാർ പാനലുകൾക്കും ബാറ്ററികൾക്കുമായുള്ള സുരക്ഷാ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക കൂടിയാലോചനകൾ ആരംഭിച്ചതായി സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയയുടെ കാലാവസ്ഥയ്ക്കും വൈദ്യുതി സംവിധാനങ്ങൾക്കും അനുയോജ്യമായ രീതിയിലുള്ള സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനും സർക്യൂട്ട് ഓവർലോഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായി വിദഗ്ധരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
സാധാരണ വാൾ ഔട്ട്‌ലെറ്റുകളിൽ പ്ലഗ് ചെയ്ത് ഉപയോഗിക്കാവുന്ന പോർട്ടബിൾ സംവിധാനങ്ങളാണിവ എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അതിനാൽ വാടകക്കാർക്കും അപ്പാർട്ട്‌മെന്റ് നിവാസികൾക്കും വീട് മാറുമ്പോൾ ഇവ എളുപ്പത്തിൽ അഴിച്ചെടുത്ത് കൊണ്ടുപോകാൻ സാധിക്കും. പുതിയ സംവിധാനം നിലവിൽ വന്നാൽ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സാധാരണ പ്ലഗ്-ഇൻ സോളാർ സംവിധാനത്തിലൂടെ പ്രതിവർഷം 240 ഡോളർ വരെയും, ബാറ്ററി കൂടി ഘടിപ്പിച്ചാൽ വാർഷിക ലാഭം ഏകദേശം 500 ഡോളർ വരെയും ലാഭിക്കാൻ സാധിക്കുമെന്ന് കണക്കാക്കുന്നു.
നിലവിൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഇത്തരം സംവിധാനങ്ങൾക്ക് നിയമപരമായ അനുമതിയില്ലെന്നും, ഇത് നിയമാനുസൃതമാക്കുന്നതിനുള്ള പ്രാരംഭ ഘട്ടത്തിലാണ് സർക്കാരെന്നും വാണിജ്യ മന്ത്രി ഡോ. ടോണി ബുട്ടി വ്യക്തമാക്കി. വ്യവസായ വിദഗ്ധർ, ഇലക്ട്രിക്കൽ സേഫ്റ്റി ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരുമായി വിശദമായ ചർച്ചകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ നിയമനിർമ്മാണം നടപ്പിലാക്കുക.




























