വാഷിംഗ്ടൺ: ഇറാന്റെ കടുത്ത വധഭീഷണിയെത്തുടർന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നാറ്റോ (NATO) ഉച്ചകോടിയ്ക്കിടെ അങ്കാറ വിമാനത്താവളത്തിൽ വെച്ച് ക്യാറ്ററിംഗ് ട്രക്കിൽ (Catering Truck) രഹസ്യമായി പുറത്തെത്തിച്ചെന്ന വെളിപ്പെടുത്തൽ ആഗോള രാഷ്ട്രീയത്തിലും അമേരിക്കയിലും വലിയ കൊടുങ്കാറ്റഴിച്ചുവിട്ടിരിക്കുകയാണ്. വാഷിംഗ്ടൺ പോസ്റ്റ് ആദ്യമായി പുറത്തുവിട്ട ഈ വാർത്ത, മിഡിൽ ഈസ്റ്റിൽ വിജയം കൈവരിച്ചെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയാകുകയും അദ്ദേഹത്തിന്റെ ‘ശക്തനായ നേതാവ്’ എന്ന പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം മടങ്ങാനിരുന്ന ട്രംപിനായി സീക്രട്ട് സർവീസ് അതീവ രഹസ്യമായ സുരക്ഷാ പദ്ധതിയാണ് ഒരുക്കിയത്. 1990-കൾ മുതൽ യു.എസ്. പ്രസിഡന്റുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്ണിൽ ട്രംപ് കയറുന്നത് ക്യാമറകൾക്ക് മുന്നിൽ പ്രദർശിപ്പിച്ച ശേഷമാണ് നാടകീയമായ നീക്കങ്ങൾ നടന്നത്.
വിമാനത്തിനുള്ളിൽ പ്രവേശിച്ച ട്രംപിനെ, ഭക്ഷണസാധനങ്ങൾ എത്തിക്കുന്ന ക്യാറ്ററിംഗ് ട്രക്കിൽ കയറ്റി രഹസ്യമായി സമീപത്ത് നിർത്തിയിട്ടിരുന്ന ചെറിയ സി-32എ (C-32A) സൈനിക വിമാനത്തിലേക്ക് മാറ്റി. തുടര്ന്ന് ഈ വിമാനത്തിലാണ് അദ്ദേഹത്തെ യുകെയിലേക്ക് കൊണ്ടുപോയത്. ട്രംപ് മാറിയ വിവരമറിയാതെ മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസ് ജീവനക്കാരും ഔദ്യോഗിക വിമാനത്തിൽ തന്നെ യാത്ര തുടരുകയായിരുന്നു.
പ്രസിഡന്റിനെ ലക്ഷ്യമിട്ടുള്ള ആക്രമണ സാധ്യത നിലനിൽക്കെ, അദ്ദേഹം രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറുകയും മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും അപകടസാധ്യതയുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, “ഞാൻ യാത്ര ചെയ്യാൻ ഉദ്ദേശിച്ച വിമാനത്തിനാണ് കൂടുതൽ ഭീഷണിയുണ്ടായിരുന്നത്… ശത്രുക്കൾ ലക്ഷ്യമിടാൻ സാധ്യത ആ വിമാനത്തെയായിരിക്കും,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മാധ്യമപ്രവർത്തകർ അപകടത്തിലായിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല.
“സ്വന്തം ജീവൻ രക്ഷിക്കാൻ ട്രംപ് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയായിരുന്നു. സൈനികരെ അപകടത്തിലേക്ക് തള്ളിയിടാൻ മടിക്കാത്ത അദ്ദേഹം, ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും ഭീഷണിയുള്ള വിമാനത്തിലാക്കി ക്യാറ്ററിംഗ് ട്രക്കിൽ കയറി ഒളിച്ചോടുകയായിരുന്നു.”


























