കോതമംഗലം :വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരേ ASK യും ആക്ഷൻ കൗൺസിലും സംയുക്തമായി മുളളരിങ്ങാട് (അമയിൽത്തൊട്ടി സൗഹൃദ കൂട്ടായ്മ) യുടെയും റെയിഞ്ചോഫീസ് ഉപരോധവും ധർണ്ണയും നടത്തി. ASK മുളളരിങ്ങാടിന്റെ പ്രസിഡന്റ് ശ്രീ ജോജോ തോമസ് നേതൃത്വംകൊടുത്ത റെയ്ഞ്ചോഫീസ് ഉപരോധ ധർണ്ണയിൽ വിശിഷ്ഠ വ്യക്തികൾ പങ്കെടുത്തു. മുള്ളിരിങ്ങാട് സർക്കാർ സ്കൂളിൻ്റെ പരിസരത്തും, കോൺവെൻറ് കെജി സ്കൂളിന്റെ കോമ്പൗണ്ടിനുള്ളിൽ പോലും കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു എന്ന അതിരൂക്ഷവും ഗൗരവതരവുമായ സംഭവത്തെ ഫോറസ്റ്റ് അധികാരികളും മറ്റു ബന്ധപ്പെട്ടവരും അവഗണിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ ബസുകൾക്ക് നേരെ പോലും കാട്ടാനകളുടെ ആക്രമണം പ്രതീക്ഷിച്ചുകൊണ്ടാണ് കുട്ടികളെ പഠനത്തിനായി അയക്കുന്നത് എന്ന് മാതാപിതാക്കൾ വേവലാതിപ്പെട്ടു. കാട്ടാനകളുടെയും മറ്റു വന്യജീവികളുടെയും കടന്നുകയറ്റം നിമിത്തം ജീവിക്കാൻ നിവൃത്തിയില്ലാതെ നാട്ടുകാർ ഈ പ്രദേശം വിട്ടു പോയിക്കൊണ്ടിരിക്കുകയാണെന്നും ASK , ആക്‌ഷൻ കൗൺസിൽ, ഭാരവാഹികൾ പറഞ്ഞു.
കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സിബി മാത്യു ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിജോ ജോസഫ് മായാ ശിവദാസ് ASK ഭാരവാഹികളായ നിസാർ , ഫാറൂഖ് , മുജീബ്, ബേസിൽ , സൈനുദ്ധീൻ, ജീനോ, എൽദോസ് , തുടങ്ങിയവർ പങ്കെടുത്തു കൊണ്ട് സംവദിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകനും ഗ്രീൻ മിഷൻ കേരള സംസ്ഥാന സെക്രട്ടറിയുമായ ജോൺസൻ കറുകപ്പിള്ളി ധർണ്ണയുടെ മുഖ്യ പ്രഭാഷണവും നടത്തി. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ ഒരു കുടക്കീഴിൽ സംഘടിപ്പിക്കാൻ കഴിഞ്ഞ ASK യുടെ അംഗങ്ങങ്ങളുടെ കഠിന പ്രയത്നം നാട്ടുകാർ രണ്ടുകയ്യുംനീട്ടി സ്വീകരിച്ചുകൊണ്ട് ധർണ്ണാ നഗരിയിലേക്ക് ഒഴുകിയെത്തി. സ്വന്തമായി വാഹനമില്ലാത്തവർക്കായി ASK മുളളരിങ്ങാട് വാഹന സൗകര്യങ്ങൾ ഏർപ്പാടാക്കിയിരുന്നതിനാൽ വൃദ്ധരായ സ്ത്രീകൾ ഉൾപ്പടെയുളളവരുടെ പങ്കാളിത്തം കൊണ്ട് ധർണ്ണ ശ്രദ്ധേയമായി. ചാത്തമറ്റം തലക്കോട് പാച്ചേറ്റി, അള്ളുങ്കൽ, തേൻകോട് എന്നീ മേഖലകളിലുള്ള ജനങ്ങളും കാട്ടാന ശല്യത്തിൽ പൊറുതിമുട്ടുകയാണ്.
ധർണ്ണയെ വിജയിപ്പിച്ച മുഴുവൻ നാട്ടുകാരോടും പങ്കെടുത്ത വിശിഷ്ട വ്യക്തികളോടും ASKയുടെ പ്രസിഡന്റ് ജോജോ തോമസ് നന്ദി അറിയിച്ചു.
കാട്ടാനയുടെ ആക്രമങ്ങളെ ചെറുക്കുന്നതിനുള്ള ബോധവൽക്കരണ സെമിനാറുകൾ നടത്തിയും, സർക്കാർതലത്തിൽ നിവേദനങ്ങൾ നൽകിയും , മറ്റ് സമരമുറകളുമായി സംഘടന ശക്തമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.






























