മെൽബൺ: ഓസ്ട്രേലിയയിൽ ശ്വാസകോശത്തെ ബാധിക്കുന്ന ലിജണയേഴ്സ് രോഗം പടരുന്നതായി റിപ്പോർട്ടുകൾ. വിക്ടോറിയ സംസ്ഥാനത്തെ മെൽബണിൽ രോഗബാധിതയായ 90 വയസുകാരി മരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. വിക്ടോറിയയിൽ 70 ലേറെ ലീജണയേഴ്സ് കേസ്വകൾ സ്ഥിരീകരിക്കുകയും ചെയ്തു. രോഗബാധിതരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
മെൽബൺ നഗരത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള വ്യാവസായിക മേഖലയിലെ കുളിങ് ടവറുകളാണ് രോഗബാധയുടെ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം, ലാവർട്ടൺ നോർത്ത്, ഡെറിമുട്ട് എന്നിവിടങ്ങളിലെ നൂറോളം കുളിങ് ടവറുകൾ ആരോഗ്യ വകുപ്പ് അണുവിമുക്തമാക്കി. ജൂലൈ പകുതി മുതൽ മെൽബൺ സന്ദർശിച്ച ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
രോഗബാധിതരിൽ ഭൂരിപക്ഷം പേരും ആശുപത്രിയിൽ ചികിത്സയിലാണ്. 40 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ന്യുമോണിയ ബാധിച്ച നിരവധി പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പനി, വിറയൽ, ചുമ, ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ജനങ്ങൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലക്ഷണമുള്ളവർ കരുതിയിരിക്കാനും നിർദേശം നൽകി.
ലെജിയോണല്ല ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണം. ഇത് ശ്വാസകോശത്തെയാണ് ബാധിക്കുക.
സാധാരണയായി നദികളിലും തടാകങ്ങളിലും ചൂട് നീരുറവകളിലും കാണപ്പെടുന്ന ഈ ബാക്ടീരിയകൾക്ക് വാട്ടർ ടാങ്കുകൾക്കും പ്ലംബിങ് സംവിധാനങ്ങൾക്കും ഉള്ളിൽ വേഗത്തിൽ വളരാൻ കഴിയും. വെള്ളത്തിലൂടെ ബാക്ടീരിയകൾ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് രോഗം ഉടലെടുക്കുന്നത്. അതേസമയം രോഗം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ടു പകരില്ല.
മെൽബണിൽ ജൂലൈ പകുതിയോടെയുള്ള തണുത്ത കാലാവസ്ഥയിൽ വായുവിലൂടെയും രോഗം കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.






























