തിരുവനന്തപുരം: ആഡംബര ബസിൽ തായ്ലൻഡ് കഞ്ചാവുമായെത്തിയ യുവതീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കവടിയാർ സ്വദേശിയായ വരുൺ ബാബു (24) ചുള്ളിമാനൂർ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. ബംഗ്ലരൂരിൽ നിന്നും തിരുവനന്തപുരത്ത് വരുകയായിരുന്ന ആഡംബര ബസ്സില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 15 ഗ്രാം തായ്ലന്റ് കഞ്ചാവ് ആണ് പാറശ്ശാല പൊലീസ് പിടികൂടിയത്.
പാറശ്ശാല സി.ഐ യുടെ നേതൃത്വത്തിൽ പൊലീസും, ആന്റി നാർക്കോട്ടിക് സംഘവും പരശുവയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്ത് വന്നിരുന്ന ആഡംബര ബസ്സ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബസ്സിൽ നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പ്ലാസ്റ്റിക് കവറിനുള്ളില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പിടിയിലായ വരുൺ ബാബു നേരത്തെയും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.