ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷം സംഘടിപ്പിച്ചു.
ഓര്‍മോ ഹൈവേ ചര്‍ച്ച് ഹാളിൽ ശനിയാഴ്ച വെെകുന്നേരം അഞ്ചിന് സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്മസ് ഫാദറും തപ്പും താളമേളങ്ങളും കരോള്‍ ഗാനങ്ങളുമെല്ലാമായി അത്യന്തം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു പരിപാടികളുടെ തുടക്കം.
ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന് പ്രസിഡന്റ് സി. പി. സാജുവിന്റെ അധ്യക്ഷതയിലാണ് ആഘോഷരാവ് അരങ്ങേറിയത്. 11-ാം വയസില്‍ തന്നെ ‘ജനറേഷന് ഗ്രിന്‍’ എന്ന ഡോക്യുമെന്ററി ഫിലിമിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച് ലോകറിക്കാര്‍ഡ് സ്വന്തമാക്കിയ മാസ്റ്റര്‍ അര്‍ഷന്‍ ആമിര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
അസോസിയേഷന് മീഡിയ കോഓര്‍ഡിനേറ്റര്‍ മാര്‍ഷല്‍ ജോസഫ് സ്വാഗതം പറയുകയും റെജു എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇപ്സ്വിച്ചിന്റെയും സ്പ്രിംഗ്ഫില്ഡിന്റെയും ഇടവക വികാരിയായ ഫാ. ആന്റോ ചിരിയങ്കണ്ടത്ത് ക്രിസ്മസ് സന്ദേശം നല്കി.കലാപരിപാടികള്‍ക്ക് മുന്നോടിയായി അസോസിയേഷന്റെ വാർഷിക പൊതുയോഗം കൂടുകയുണ്ടായി. തുടര്‍ന്ന് നടന്ന സിനിമാറ്റിക്ക് ഡാന്‍സുകളും ഗാനങ്ങളും മാര്‍ഗംകളിയും എല്ലാമടങ്ങിയ ആവേശം വാനോളമുയര്‍ത്തിയ കലാപരിപാടികള്‍ അരങ്ങേറി. അന്ന എലിസബത്ത് സാജു, മരിയ ജേക്കബ് എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.
തുടര്‍ന്ന് അസോസിയേഷന് എക്സിക്യൂട്ടിവ് അംഗം സിബി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെയും അച്ചായന്‍സ് കാറ്ററേര്സിന്റെ ഭക്ഷണവിതരണത്തോടെയും ആഘോഷരാവ് സമാപിച്ചു.അസോസിയേഷന് വൈസ്പ്രസിഡന്റ് അശ്വതി സരുണ്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി മാത്യു, സോജൻ പോള്‍, സാം ജോര്‍ജ്, എന്നിവര്‍ ആഘോഷരാവിന്റെ ഒരുക്കങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം നല്കി.






























