മലപ്പുറം: കാളികാവിൽ വീട്ടമ്മയുടെ രണ്ടേ മുക്കാൽ പവൻ സ്വർണ്ണാഭരണം മോഷ്ടിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ആമപ്പൊയിൽ സ്വദേശി പൂക്കോടൻ മുഹമ്മദ് അൻഷിദ് (23) നെയാണ് കരുവാരക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പുലർച്ചെയാണ് മോഷണം നടന്നത്. അയൽവാസിയുടെ വീടിന്റെ ജനൽ വഴിയാണ് പ്രതി മേശപ്പുറത്തുള്ള താലിമാല മോഷ്ടിച്ചത്.
കാളികാവ് പുതിയത്ത് നിധീഷിന്റെ ഭാര്യ ലക്ഷ്മിയുടെ മാലയാണ് അൻഷിദ് മോഷ്ടിച്ചത്. ഇവരുടെ തൊട്ടടുത്തെ വീട്ടിലാണ് അൻഷിദ് താമസിക്കുന്നത്. അൻഷിദിന്‍റെ വീടിനോട് ചേർന്നുള്ള ജനാലയുട അടുത്ത് മേശപ്പുറത്ത് വെച്ചതായിരുന്നു മാല. ഇത് ശ്രദ്ധയില്‍പ്പെട്ട അന്‍ഷിദ് പുലർച്ചെ ജനലിലൂടെ കൈയ്യിട്ട് മോഷണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.