ഓസ്ട്രേലിയൻ റിസർവ്വ് ബാങ്കിന്റെ പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച അവലോകന റിപ്പോർട്ട് പുറത്ത്. അധികാരത്തിലെത്തിയതിന് തൊട്ടു പിന്നാലെ ലേബർ സർക്കാർ നിയോഗിച്ച സമിതിയാണ് റിസർവ്വ് ബാങ്കിൻറ പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച അവലോകന റിപ്പോർട്ട് സമർപ്പിച്ചത്.ബാങ്കിൻറെ ഘടനയിൽ വരുത്തേണ്ട ശുപാർശകളാണ് 294 പേജുകളുള്ള റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് RBA അടിമുടി പരിഷ്കരണത്തിനൊരുങ്ങുന്നത്.മോണിറ്ററി പോളിസി, ഭരണ നിർവ്വഹണം, ബോർഡുകളുടെ പ്രവർത്തനം, ലക്ഷ്യങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവ സംബന്ധിച്ചാണ് ശുപാർശകൾ സമർപ്പിച്ചിരിക്കുന്നത്.റിപ്പോർട്ട് മുന്നോട്ട് വെച്ചിരിക്കുന്ന 51 ശുപാർശകൾക്കും ഫെഡറൽ സർക്കാർ തത്വത്തിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി, ഭാവിയിൽ റിസർവ് ബാങ്കിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് ഫെഡറൽ ട്രഷറർ ജിം ചാൽമേഴ്സ് പറഞ്ഞു.
മോണിറ്ററി പോളിസികൾക്കും കോർപ്പറേറ്റ് ഗവേണൻസിനുമായി വെവ്വേറെ ബോർഡുകൾ രൂപീകരിക്കണമെന്നാണ് പ്രധാന ശുപാർശകളിലൊന്ന്.പലിശനിരക്ക് നിർണ്ണയിക്കുന്നതിനായി പുറമേ നിന്നുള്ള ധനകാര്യ വിദഗ്ധരെ ഉൾപ്പെടുത്തി പുതിയ മോണിറ്ററി പോളിസി ബോർഡ് രൂപീകരിക്കണം.ഗവർണറുടെ അധ്യക്ഷതയിൽ ഡെപ്യൂട്ടി ഗവർണർ, പുറമെ നിന്നുള്ള ആറ് അംഗങ്ങൾ, ട്രഷറി വകുപ്പ് സെക്രട്ടറി എന്നിവരടങ്ങുന്നതാകണം പുതിയ മോണിറ്ററി ബോർഡ്.ആർബിഎ അംഗങ്ങൾ, ട്രഷറി സെക്രട്ടറി എന്നിവർക്ക് പുറമെ അഞ്ച് വ്യവസായികൾ, ഒരു അക്കാദമിക് വിദ്ഗദൻ എന്നിവരാണ് നിലവിലെ ബോർഡിലുള്ളത്.വിശാല താൽപര്യങ്ങളോടെയാകണം നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്.പലിശ വർദ്ധനവ് അടക്കമുള്ള തീരുമാനങ്ങളുടെ കാരണങ്ങൾ പൊതുജനങ്ങളോട് വ്യക്തമാക്കണമെന്നും നിർദ്ദേശമുണ്ട്.
പണനയ അവലോകനത്തിനായി വർഷം തോറും ചേരുന്ന ബോർഡ് യോഗങ്ങളുടെ എണ്ണം പതിനൊന്നിൽ നിന്ന് എട്ടായി കുറക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഇത് അടിക്കടിയുണ്ടാകുന്ന പലിശ നിരക്കിലെ മാറ്റങ്ങൾ കുറക്കാൻ സഹായിക്കും.കോർപ്പറേറ്റ് നയങ്ങൾ സംബന്ധിച്ച തീരുമാനത്തിനും ഭരണ കാര്യങ്ങൾക്കുമായി പ്രത്യേക ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ടില് പറയുന്നു.റിസർവ്വ് ബാങ്ക് ഓഫ് ഓസ്ട്രേലിയയുടെ ഘടനയിൽ സമൂല മാറ്റങ്ങൾ നിർദ്ദേശിക്കുന്ന അവലോകന റിപ്പോർട്ടിനെ ഗവർണ്ണർ ഫിലിപ്പ് ലോവ് സ്വാഗതം ചെയ്തിട്ടുണ്ട്.