പാല: കേരള കോണ്‍ഗ്രസ് സമ്മര്‍ദത്തിന് വഴങ്ങി സിപിഐഎം. പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഐഎം സ്ഥനാര്‍ത്ഥിയായി ജോസിന്‍ ബിനോയെ തീരുമാനിച്ചു. സിപിഐഎം ഏരിയാകമ്മിറ്റി യോഗത്തിലാണ് തീരുമാനം. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഐഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നാണ് പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. 11.30 വരെ പത്രിക നല്‍കാം.
സിപിഐംഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കണ്ടത്തിന്റെ പേര് നേരത്തെ പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ സാധ്യത മങ്ങി. ബിനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിപിഐഎം ചിഹ്നത്തില്‍ വിജയിച്ച് ജയിച്ച ഏക അംഗത്തെയാണ് പാര്‍ട്ടി തഴഞ്ഞത്. കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും സിപിഐഎം അംഗമായ ബിനുവും തമ്മില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ കൗണ്‍സില്‍ ഹാളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇത് ഉള്‍പ്പെടെയാണ് ബിനുവിനെതിരെ കേരളകോണ്‍ഗ്രസ് ആയുധമാക്കിയിരിക്കുന്നത്. സംഘര്‍ഷത്തിന്റെ പുതിയ വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു.
ചെയര്‍മാനെ പ്രഖ്യാപിക്കേണ്ടത് സിപിഐഎം ആണെന്നും അവരുടെ തീരുമാനം അംഗീകരിക്കുമെന്ന കേരളകോണ്‍ഗ്രസ് എംപി ചെയര്‍മാര്‍ ജോസ് കെ മാണിയുടേയും സ്റ്റീഫന്‍ ജോര്‍ജിന്റേയും പ്രസ്താവകള്‍ കേരള കോണ്‍ഗ്ര്‌സ വഴങ്ങുന്നതിന്റെ സൂചനയാണെന്ന ചര്‍ച്ചകള്‍ വന്നിരുന്നു. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സിപിഐഎമ്മിനുള്ളത്. മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനാണ്. അതിന് ശേഷം ഒരു വർഷം സിപിഐഎമ്മിനും അടുത്ത രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ അധ്യക്ഷ സ്ഥാനം ലഭിക്കും. ആദ്യ രണ്ട് വര്‍ഷം ആന്റോ പടിഞ്ഞാറേക്കരയായിരുന്നു അധ്യക്ഷന്‍.
STORY HIGHLIGHTS: cpim has yielded to kerala congress in deciding the candidate for pala municipality chairman