ദില്ലി: മോമോസ് വിൽപ്പനക്കാരനെ 15 വയസ്സുകാരൻ കുത്തിക്കൊന്നു. അമ്മയുടെ മരണത്തിന് പ്രതികാരം ചെയ്യുകയായിരുന്നു കുട്ടിയെന്ന് പൊലീസ് പറഞ്ഞു. കിഴക്കൻ ദില്ലിയിലെ പ്രീത് വിഹാർ പ്രദേശത്താണ് സംഭവം.
കപിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി പ്രീത് വിഹാർ മെട്രോ സ്‌റ്റേഷനു സമീപമാണ് സംഭവം നടന്നത്. കുത്തേറ്റ നിലയിൽ കപിലിനെ ഹെഡ്‌ഗേവാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കപിൽ ജഗത്പുരി പ്രദേശത്ത് മോമോസ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭാര്യയുമായി പിണക്കത്തിലായിരുന്ന കപിൽ തനിച്ചാണ് താമസിച്ചിരുന്നത്. കത്തിക്കുത്ത് നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംശയാസ്പദ സാഹചര്യത്തിൽ 15 വയസ്സുള്ള ആൺകുട്ടിയുടെ ദൃശ്യം കണ്ടെത്തി.
തുടർന്ന് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. കുത്താൻ ഉപയോഗിച്ച കത്തി കുട്ടിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കുട്ടി അമ്മയോടൊപ്പം കപിലിന്‍റെ മോമോസ് ഷോപ്പിൽ ജോലി ചെയ്തിരുന്നു. ഒരു മാസം മുമ്പ് കടയിൽ വെച്ച് വൈദ്യുതാഘാതമേറ്റ് അമ്മ മരിച്ചു. അമ്മയുടെ മരണത്തിന് കപിലാണ് ഉത്തരവാദിയെന്ന് 15കാരൻ കരുതി. തുടർന്നാണ് കപിലിനെ കുത്തിക്കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കുട്ടി ചോദ്യംചെയ്യലിൽ പറഞ്ഞു.