കോയമ്പത്തൂര്‍: നാല് വര്‍ഷത്തിനിടെ പെട്രോള്‍ പമ്പ് ഉടമയുടെ അക്കൌണ്ടില്‍ നിന്ന് 24കാരിയായ ജീവനക്കാരി അടിച്ച് മാറ്റിയത് 73 ലക്ഷം രൂപ. പമ്പ് ഉടമയുടെ അക്കൌണ്ടില്‍ നിന്ന് കൃത്യമായ ഇടവേളകളിലായിരുന്നു വ്യത്യസ്ത തുകകളിലായി പണം തട്ടിയിരുന്നത്. സംഭവത്തില്‍ 24കാരിയായ കൗസല്യ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പമ്പ് ജീവനക്കാരിയായ യുവതി ആഡംബര കാറും സ്ഥലവും സ്വര്‍ണവും അടക്കമുള്ള വസ്തു വകകള്‍ വാങ്ങിയതിനേ തുടര്‍ന്ന് പമ്പിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംസാരമാണ് ഉടമയ്ക്ക് സംശയത്തിന് ഇടയാക്കിയത്.
2019 മുതല്‍ 2022 വരെയുള്ള കാലത്തായിരുന്നു തട്ടിപ്പ് നടന്നത്. കോയമ്പത്തൂര്‍ കിണത്തുകടവ് സ്വദേശിനിയാണ് അറസ്റ്റിലായിട്ടുള്ളത്. ചെട്ടിപ്പാളയത്തെ പെട്രോള്‍ പമ്പില്‍ ദീര്‍ഘകാലമായി ഇവര്‍ ജോലി ചെയ്തിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പിഒഎസ് ഉപകരണങ്ങളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളുടെ ചുമതലയായിരുന്നു യുവതിക്കുണ്ടായിരുന്നത്. ഇത്തരത്തില്‍ എടിഎം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ജി പോ അടക്കമുള്ള സാമ്പത്തിക ഇടപാടുകളില്‍ നിന്നായി വരുന്ന പണത്തില്‍ പ്രത്യക്ഷത്തില്‍ ദൃശ്യമാകാത്ത രീതിയിലായിരുന്നു യുവതി തട്ടിപ്പ് നടത്തിയത്. രാജ്കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പമ്പ്.
ക്രൈം ബ്രാഞ്ചിന് ഏതാനും ദിവസം മുന്‍പാണ് അക്കൌണ്ടില്‍ നിന്ന് പണം നഷ്ടമായെന്ന് വ്യക്തമാക്കി പമ്പുടമ പരാതിയുമായി സമീപിക്കുന്നത്. ഒന്നിലധികം അക്കൌണ്ടുകളിലേക്കാണ് യുവതി പണം തിരിമറി നടത്തിക്കൊണ്ടിരുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് യുവതിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ വ്യാപ്തി വ്യക്തമായത്. അടുത്തിടെയാണ് 20 ലക്ഷം രൂപ ചെലവിട്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം യുവതി വാങ്ങിയത്. ഇതിന് പിന്നാലെ കിണത്ത് കടവ് ഭാഗത്ത് പത്ത് സെന്റ് സ്ഥലവും യുവതി വാങ്ങിയിരുന്നു.
യുവതിയ അറസ്റ്റ് ചെയ്ത പൊലീസ് സ്ഥലത്തിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണാഭരണങ്ങളും പണവും യുവതിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. യുവതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.