അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ ദേശീയ വൈകല്യ ഇൻഷുറൻസ് പദ്ധതിയിൽ (NDIS) അഞ്ച് മില്യൺ ഡോളറിന്റെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിടാൻ ശ്രമിച്ച പ്രൊവൈഡർ പിടിയിൽ. നൈജീരിയയിലേക്ക് കടക്കാൻ ശ്രമിച്ച പ്രൊവൈഡർ കമ്പനി ഡയറക്ടറായ ഫൊലൂസോ ഒമോലെ (38) എന്നയാളെയാണ് അഡ്‌ലെയ്ഡ് വിമാനത്താവളത്തിൽ വെച്ച് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറസ്റ്റ് ചെയ്തത്.
രേഖകൾ ചോർത്തിയത് ഔദ്യോഗിക ജീവനക്കാരി വഴി
നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് ഏജൻസിയിലെ (NDIA) ഒരു താൽക്കാലിക വനിതാ ജീവനക്കാരിയെ സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് ആസൂത്രണം ചെയ്തത്. പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്ന നാൽപ്പതിലധികം ഭിന്നശേഷിക്കാരുടെ അതീവ രഹസ്യമായ വ്യക്തിഗത വിവരങ്ങൾ ഇവർ വഴി ചോർത്തിയെടുത്തു. ഇതിന് പകരമായി 53,000 ഡോളറിലധികം തുക ഈ ജീവനക്കാരിക്ക് കൈക്കൂലിയായി നൽകിയെന്നും അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ജൂൺ മാസത്തിൽ ഈ വനിതാ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അയ്യായിരത്തിലധികം വ്യാജ ക്ലെയിമുകൾ
ചോർത്തിയെടുത്ത വിവരങ്ങൾ ഉപയോഗിച്ച് നൽകാത്ത സേവനങ്ങളുടെ പേരിൽ അയ്യായിരത്തിലധികം വ്യാജ ഫണ്ടിംഗ് ക്ലെയിമുകളാണ് പ്രതി എൻഡിഐഎസ് സിസ്റ്റത്തിൽ സമർപ്പിച്ചത്. ഈ വഴിയിലൂടെയാണ് 5 മില്യൺ ഡോളറിലധികം തുക ഇയാൾ തട്ടിയെടുത്തത്.
വൺ-വേ ടിക്കറ്റുമായി വിമാനത്താവളത്തിൽ
തട്ടിപ്പ് വിവരം പുറത്തായതോടെ തന്റെ ഭാര്യ താമസിക്കുന്ന നൈജീരിയയിലേക്ക് മടങ്ങാൻ പ്രതി വൺ-വേ ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ നിലയുറപ്പിച്ച ഫെഡറൽ പോലീസ് ഇയാളെ നാടകീയമായി കീഴടക്കുകയായിരുന്നു. പ്രതിക്ക് കോടതി നിലവിൽ ജാമ്യം നിഷേധിച്ചിട്ടുണ്ട്.
25 വർഷം വരെ തടവുശിക്ഷ
ഓസ്‌ട്രേലിയൻ സർക്കാരിന്റെ വിവിധ സുരക്ഷാ ഏജൻസികൾ ഉൾപ്പെടുന്ന ‘ഫ്രോഡ് ഫ്യൂഷൻ ടാസ്‌ക്ഫോഴ്സ്’ ആണ് ഈ വൻ അഴിമതി പുറത്തുകൊണ്ടുവന്നത്. പ്രതിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ഓസ്‌ട്രേലിയൻ നിയമപ്രകാരം പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഭിന്നശേഷിക്കാരുടെ ഫണ്ട് തട്ടിയെടുക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.






























