സിഡ്നി: ഓസ്ട്രേലിയയിലെ വയോജന സംരക്ഷണ കേന്ദ്രത്തിൽ പോലീസിന്റെ മർദനത്തിനിരയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 95 വയസുകാരി മരിച്ചു. ഡിമെൻഷ്യ ബാധിതയായ ക്ലെയർ നൗലാൻഡാണ് ബുധനാഴ്ച്ച വൈകിട്ടോടെ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 17 നാണ് ന്യൂ സൗത്ത് വെയിൽസിലെ സാവി മൗണ്ടൻസിലുള്ള നഴ്സിങ് ഹോമിൽ വച്ച് വയോധികയ്ക്ക് നേരേ പോലീസിന്റെ അതിക്രമമുണ്ടായത്. സംഭവത്തിൽ പ്രതിയായ പോലീസ് കോൺസ്റ്റബിളിനെതിരെ കേസെടുത്തിട്ടുണ്ട്.
പോലീസ് ഇലക്ട്രിക് ആയുധം ഉപയോഗിച്ചതിനെ തുടർന്ന് ഷോക്കേറ്റ് നിലത്തു വീണ വയോധികയുടെ തലയോട്ടിക്ക് പൊട്ടലും മസ്തിഷ്ക രക്തസ്രാവവുമുണ്ടായിരുന്നു.ഇവർ അതീവ ഗുരുതരാവസ്ഥയിൽ കൂമ ബേസ്
ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും വിഫലമാക്കിയാണ് ക്ലെയർ വിട വാങ്ങിയത്. സംഭവത്തിൽ പോലീസിനു വീഴ്ച്ച സംഭവിച്ചതായി പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
സംഭവ ദിവസമായ മേയ് 17-ന് വയോജന സംരക്ഷണ കേന്ദ്രത്തിന്റെ അടുക്കളയിൽ നിന്ന് ലഭിച്ചൊരു കത്തിയുമായി ക്ലെയർ നൗലാൻഡ് നടക്കുന്നുവെന്ന് ഫോൺ കോൾ ലഭിച്ചതിനെതുടർന്നാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ അവിടെയെത്തിയത്. കത്തി താഴെയിടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാൻ വയോധിക തയാറായില്ല. തുടർന്ന് ഒരു സീനിയർ കോൺസ്റ്റബിൾ വയോധികയ്ക്കു നേരെ ഇലക്ട്രിക് ആയുധം പ്രയോഗിക്കുകയായിരുന്നു. നിലത്തു വീണ വയോധികയുടെ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വയോധികയുടെ മരണത്തെതുടർന്ന് 33 കാരനായ സീനിയർ കോൺസ്റ്റബിൾ ക്രിസ്റ്റ്യൻ വൈറ്റിനെതിരെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ജൂലൈ 5 ന് വിചാരണയ്ക്കായി കോടതിയിൽ ഹാജരാകണം. സംഭവത്തിന്റെ വീഡിയോയും ഓഡിയോയും പോലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറകൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇത് പുറത്തുവിട്ടിട്ടില്ല.സംഭവത്തിനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് വയോധികയുടെ കുടുംബം ആവശ്യപ്പെട്ടു. ദുർബലയായ വയോധികയെ കീഴടക്കാൻ പോലീസ് ആയുധം പ്രയോഗിച്ചതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ വിഷയം വലിയ വാർത്തയായിരുന്നു.
അഞ്ച് വർഷത്തിലേറെയായി വയോധിക നഴ്സിംഗ് ഹോമിൽ താമസിച്ചിരുന്നത്. തെക്കൻ ന്യൂ സൗത്ത് വെയിൽസ് പട്ടണത്തിലെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു ക്ലെയർ നൗലാൻഡ്. എട്ട് മക്കളും 24 പേരക്കുട്ടികളും അടങ്ങുന്ന വലിയ കുടുംബത്തിലെ അംഗമാണ് ക്ലെയർ.































