തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കുറ്റത്തിന് 53 കാരന് 27വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴ ശിക്ഷയും. ചിറയിൻകീഴ് സ്വദേശി വൈശാഖനെ ആണ് കോടതി ശിക്ഷിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് കോടതി സ്പെഷ്യൽ ജഡ്ജി റോഷൻ തോമസ് ആണ് പ്രതിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2019 വരെയുള്ള രണ്ടു വർഷക്കാലമാണ് പല ദിവസങ്ങളിലായി കുട്ടി അതിക്രമത്തിന് വിധേയയായത്.
മുത്തശ്ശന് മുത്തശ്ശിക്കും ഒപ്പം കഴിഞ്ഞ് വന്ന പെൺകുട്ടിയെയാണ് സമീപവാസിയായ പ്രതി വീട്ടിൽ നിരന്തരമായി അതിക്രമത്തിന് വിധേയയാക്കി വന്നത്. മാതാവ് നാട്ടിൽ ഇല്ലാതിരുന്ന അവസരം മുതലെടുത്താണ് പ്രതി ഇത്തരം അതിക്രമം പ്രവർത്തിച്ചുവന്നത്. സംഭവം സംബന്ധിച്ച് സ്കൂളിൽ അറിവ് ലഭിച്ച പ്രകാരം അതിക്രമം സംബന്ധിച്ച് അതിജീവിതയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കി രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. 13 വയസ്സ് മുതൽ പലപ്പോഴായി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കി വന്ന പ്രതി “സംഭവം പുറത്ത് പറയരുത്” എന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി വന്നിരുന്നുവെന്നും പ്രോസിക്യൂഷൻ കേസിൽ ആരോപിച്ചിരുന്നു.































