വിദേശത്ത് പുതിയ രണ്ട് ഭദ്രാസനങ്ങൾ കൂടി രൂപീകരിക്കാൻ ഒരുങ്ങി ഓർത്തഡോക്സ് സഭ. സഭാംഗങ്ങളുടെ സാന്നിധ്യം വിദേശരാജ്യങ്ങളിൽ വർധിച്ചതോടെയാണ് സഭ ഭദ്രാസന രൂപീകരണത്തിലേക്ക് നീങ്ങുന്നത്.ഇതിന്റെ ഭാഗമായി പഠനങ്ങൾ നടത്തുന്നതിന് ഒരു കമ്മിറ്റിയെ സഭാനേതൃത്വം നിയോഗിച്ചു. കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഭദ്രാസനങ്ങൾ രൂപീകരിക്കുന്നതെന്നാണ് സൂചന.
30 ഭദ്രാസനങ്ങളാണ് ഓർത്തഡോക്സ് സഭയ്ക്ക് നിലവിൽ 30 ഭദ്രാസനങ്ങളാണുളളത്. സൗത്ത് വെസ്റ്റ് അമേരിക്ക, നോർത്ത് ഈസ്റ്റ് അമേരിക്ക, യുകെ-യൂറോപ്-ആഫ്രിക്ക എന്നിങ്ങനെയാണ് സഭയ്ക്ക് വിദേശത്തുളള ഭദ്രാസനങ്ങൾ.പുതിയ ഭദ്രാസനങ്ങൾ രൂപീകരിക്കുമ്പോൾ പുതിയ മെത്രാപ്പോലീത്തമാരെ കൂടി സഭ വാഴിക്കേണ്ടതായി വരും. പ്രായമുളള മെത്രാപ്പോലീത്താമാർ റിട്ടയർ ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുക്കുമ്പോൾ കുറഞ്ഞത് അഞ്ച് മെത്രാപ്പോലീത്തമാരെയെങ്കിലും ഇനിയും വാഴിക്കേണ്ടതായി വരും.മാനേജിംഗ് കമ്മിറ്റിയും മലങ്കര അസോസിയേഷനും എപ്പിസ്കോപ്പൽ സുന്നഹദോസും ചേർന്നാണ് മെത്രാപ്പോലീത്തമാരെ തെരഞ്ഞെടുക്കുന്നത്. ബംഗളൂരു ഭദ്രാസനാധിപനായിരുന്ന ഡോ. ഏബ്രഹാം മാർ സെറാഫിമിനെ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിച്ചതിനാൽ നിലവിൽ ബംഗളൂരു ഭദ്രാസനത്തിന് മെത്രാപ്പോലീത്തയില്ല.
മദ്രാസ് ഭദ്രാസനാധിപനായ ഗീവർഗീസ് മാർ പീലക്സീനോസാണ് ബംഗളൂരു ഭദ്രാസനത്തിന്റെ അധികചുമതല നിർവഹിക്കുന്നത്. ബോംബെ ഭദ്രാസനാധിപനായ ഗീവർഗീസ് മാർ കൂറിലോസിന്റെ അനാരോഗ്യം നിമിത്തം അഹമ്മദാബാദ് ഭദ്രാസനാധിപനായ ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് ബോംബെയുടെ സഹായ മെത്രാപ്പോലീത്തയായി അധികചുമതലയും നിർവഹിക്കുന്നുണ്ട്.കേരളത്തിന് പുറത്തുളള സഭയുടെ പളളികളിൽ ഇടവകാംഗത്വം റദ്ദാക്കി മടങ്ങുന്നവരുടെ എണ്ണം വർധിച്ച് വരുന്നുണ്ട്. ജോലിക്കും മറ്റുമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ റിട്ടയർ ചെയ്ത് തിരികെ കേരളത്തിലേക്കോ കൂടുതൽ മെച്ചപ്പെട്ട ജോലി സൗകര്യാർഥം വിദേശത്തേക്കോ പോകുന്നതാണ് ഇതിന് കാരണം.കാനഡയിലും യൂറോപിലും ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ആരാധനാലയങ്ങളുടെ എണ്ണം വർധിച്ച് വരുന്നുണ്ട്.






























