ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8ലേക്ക് മുന്നേറാമെന്ന പാക് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി ഇന്ത്യക്കെതിരായ തോല്‍വി. ആദ്യ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ അമേരിക്കയോട് തോറ്റതിന് പിന്നാലെ ഇന്നലെ ഇന്ത്യയോടും തോറ്റതോടെ അവസാന രണ്ട് മത്സരങ്ങളില്‍ ജയിച്ചാലും പാകിസ്ഥാന് സൂപ്പര്‍ 8 ഉറപ്പിക്കാനാവില്ല. രണ്ട് കളികളില്‍ രണ്ട് ജയവും +1.455 നെറ്റ് റണ്‍റേറ്റും നാലു പോയന്‍റമായി ഗ്രൂപ്പ് എയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. അമേരിക്കയും കാനയഡുമാണ് അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ എതിരാളികള്‍ എന്നതിനാല്‍ ഇന്ത്യ സൂപ്പര്‍ 8 ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.
കാനഡയെയും പാകിസ്ഥാനെയും തോല്‍പ്പിച്ച ആതിഥേയരായ അമേരിക്ക നാലു പോയന്‍റും +0.626 നെറ്റ് റണ്‍റേറ്റുമായി ഗ്രൂപ്പില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. രണ്ട് കളികളില്‍ ഒരു ജയത്തില്‍ നിന്ന് നേടിയ രണ്ട് പോയന്‍റുമായി കാനഡയാണ് മൂന്നാമത്. രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാനും അയര്‍ലന്‍ഡിനും ഇതുവരെ പോയന്‍റൊന്നും നേടാനായിട്ടില്ല.































