കൊച്ചി: നടി ആശാ ശരത്തിന് ഇനി ആശ്വസിക്കാം. നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശാ ശരത്തിനെതിരെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി.
വിശ്വാസവഞ്ചന ഉൾപ്പെടെ ആരോപിക്കുന്ന കേസിൽ അഞ്ചാംപ്രതിയാണ് നടി. എസ് പി സി പ്രാണ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ പേരിൽ നടന്ന നിക്ഷേപ തട്ടിപ്പിൽ ആശാ ശരത്തിനും പങ്കുണ്ടെന്ന് ആയിരുന്നു ആരോപണം. എന്നാൽ ഈ സ്ഥാപനവുമായി തനിക്ക് ബന്ധമില്ലെന്നു൦ അതിനാൽ കേസ് റദ്ദാക്കണമെന്നും ആണ് ഹർജിയിലെ ആവശ്യം. ഫ്രീ യുവർ മെൻഡ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻറെ ഓൺലൈൻ ഫ്ലാറ്റ്ഫോം ആയ പ്രാണ ഇൻസൈറ്റിന് നൃത്തം ഉൾപ്പെടെ ഉള്ളടക്കം നൽകാൻ കരാർ ഉണ്ടായിരുന്നു. എന്നാൽ ഈ കമ്പനിയുമായോ ഉപ കമ്പനികളുമായും തനിക്ക് ബന്ധമില്ലെന്ന് ആശാ ശരത് അറിയിച്ചു. ഓൺലൈൻ മീഡിയയിൽ വന്ന വ്യാജ വാർത്തയെ തുടർന്ന് തൻറെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. തനിക്കെതിരെയുള്ള കേസ് നിയമവിരുദ്ധമാണ്. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നെന്നും ഹർജിയിൽ അറിയിച്ചു.































