മുംബൈ: അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജിയോ കൺവെൻഷൻ സെന്ററിൽ നുഴഞ്ഞുകയറിയ യൂട്യൂബർ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാൻ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയച്ചു. ഇരുവർക്കുമെതിരെ കേസെടുത്തെന്നും പൊലീസ് അറിയിച്ചു. ആന്ധ്രയിൽ നിന്നാണ് ഇരുവരും എത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കൺവെൻഷൻ സെന്ററിൽ വിവാഹച്ചടങ്ങുകൾ. ലോകത്താകമാനമുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എങ്ങനെയാണ് ഇവർ സുരക്ഷ വെട്ടിച്ച് അകത്ത് കടന്നതെന്ന് വ്യക്തമല്ല.































