കാൻബറ: ഗാസയിൽ നിന്ന് പലായനം ചെയ്യുന്ന പാലസ്‌തീനികൾക്ക് ഓസ്ട്രേലിയയിൽ പ്രവേശനം അനുവദിക്കരുതെന്ന പ്രതിപക്ഷ നേതാവിൻ്റെ പരാമർത്തെച്ചൊല്ലി പാർലമെൻ്റിൽ വാക്പോര്. കൃത്യമായ പരിശോധനയില്ലാതെ വിസ അനുവദിച്ചാൽ ദേശീയ സുരക്ഷ അപകടത്തിലാകുമെന്ന ആശങ്ക പീറ്റർ ഡട്ടൺ ഉയർത്തുമ്പോൾ അത് വംശീയമായി നേരിടാനുള്ള ശ്രമത്തിലാണ് ചില എംപിമാർ.
തന്റെ നിലപാടുകൾ പ്രത്യേക മതവിശ്വാസമുള്ള ആളുകൾക്ക് എതിരല്ലെന്ന് പീറ്റർ ഡട്ടൺ വ്യക്തമാക്കുമ്പോൾ പ്രതിപക്ഷ നേതാവ് വംശീയമായി പെരുമാറുന്നത് അവസാനിപ്പിക്കണം എന്നാണ് സ്വതന്ത്ര എം.പി സാലി സ്റ്റെഗൽ ആവശ്യപ്പെട്ടത്.
‘തന്റെ ആവശ്യം പ്രത്യേക രാഷ്ട്രീയ അനുഭാവമുള്ള ആളുകൾക്കെതിരേയല്ല. ഇത് നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നതിനാണ് – ഡട്ടൺ വ്യക്തമാക്കി. പ്രധാനമന്ത്രി ആൻ്റണി അൽബനീസ് ഓസ്ട്രേലിയൻ പൊതുജനങ്ങളെയാണ് പരാജയപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതെസമയം, ഡട്ടൺ കുടിയേറ്റകാര്യ മന്ത്രിയായിരുന്നപ്പോഴുണ്ടായിരുന്ന വിസാ സംവിധാനമാണ് ഇപ്പോഴുള്ളതെന്നും സമൂഹത്തിൽ അനാവശ്യമായി വിള്ളലുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസി കുറ്റപ്പെടുത്തി.
ഷാഡോ ഇമിഗ്രേഷൻ മന്ത്രി ഡാൻ ടെഹാനും പ്രതിപക്ഷ നേതാവിൻ്റെ അഭിപ്രായത്തെ പിന്തുണച്ചു. കഴിഞ്ഞ നവംബറിൽ ജയിൽ മോചിതനായ ഒരു ഇമിഗ്രേഷൻ തടവുകാരൻ അടുത്തിടെ പെർത്ത് സ്വദേശിയായ സ്ത്രീയെ ആക്രമിച്ച സംഭവം നമുക്കു മുന്നിലുണ്ട്. സുരക്ഷാ പരിശോധനയിലെ വീഴ്‌ചകൾ മൂലമാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിനാൽ ഞങ്ങൾ ചോദ്യങ്ങൾ ചോദിക്കും’- ടെഹാൻ പറഞ്ഞു.
ലേബർ എംപിമാരായ ജോഷ് ബേൺസും സാലി സിറ്റോയും ഡട്ടൻ്റെ അഭിപ്രായത്തെ വിമർശിച്ചു, ഓസ്ട്രേലിയൻ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമാണിതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
2023 ഒക്ടോബർ ഏഴ് മുതൽ പാലസ്തീനികൾക്ക് 2,922 വിസകൾ അനുവദിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് പാർലമെന്റിലെ ചോദ്യോത്തര വേളയിൽ സ്ഥിരീകരിച്ചു.
ഓസ്ട്രേലിയയിലേക്ക് പലായനം ചെയ്‌ത പാലസ്‌തീനികളെ കൂടുതൽ കാലം താമസിക്കാൻ അനുവദിക്കുന്നതിനായുള്ള വിസ ക്രമീകരണങ്ങൾ നടത്തുകയാണെന്നും ബർക്ക് വ്യക്തമാക്കി.
ഗാസയിൽ നിന്ന് പലായനം ചെയ്തത് ഓസ്ട്രേലിയയിൽ കഴിയുന്ന പാലസ്തീനികൾക്ക് കർശനമായ സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് ഷാഡോ ധനമന്ത്രി ജെയ്ൻ ഹ്യൂം അഭിമുഖത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ സന്ദർശക വിസയിൽ എത്തുന്ന പാലസ്‌തീനികൾക്കായി പുതിയ വിസ സ്കീം അവതരിപ്പിക്കാൻ ലേബർ സർക്കാർ തയ്യാറെടുക്കുമ്പോഴാണ് ശക്തമായ വിയോജിപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ഗാസയിൽ നിന്നുള്ള എല്ലാ വിസ അപേക്ഷകരും വിശദമായ സുരക്ഷാ പരിശോധനൾക്ക് വിധേയമാകുന്നില്ലെന്ന (എഎസ്ഐഒ) ഡയറക്‌ടർ ജനറർ മൈക്ക് ബർഗസിന്റെ വെളിപ്പെടുത്തലാണ് ഇപ്പോഴുള്ള വാക്‌പോരിന് കാരണമായിരിക്കുന്നത്.






























