കോതമംഗലം : മെൽബണിലെ സീറോ മലബാർ സഭയുടെ പ്രഥമ ചാപ്ലിൻ ആയിരുന്ന റവ. ഫാ. പീറ്റർ കാവും പുറം(എംഎസ്ടി) 24/09/2024 ന് മിറാജിൽ അന്തരിച്ചു. അടുത്തകാലം വരെ ഫാദർ കേരളത്തിൽ ഉണ്ടായിരുന്നു . പുണെയ്ക്കുള്ള യാത്രാമധ്യേ അദ്ദേഹത്തിന് അസുഖം ബാധിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മീരജിലെ ഭാരതി വിദ്യാപീഠം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഇടവകയെയും ജനങ്ങളെയുംകരുണയോടെ ശുശ്രൂഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരാളായിരുന്നു റവ.ഫാ. പീറ്റർ കാവുംപുറം.മെൽബൺ കൂടാതെ സീറോ മലബാർ ഫൊറോന ഇടവക ബ്രിസ്ബെയ്ൻ സൗത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അനുകമ്പയും സമൂഹത്തിലെ ഓരോ അംഗത്തിനും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ നേതൃത്വവും പ്രാർത്ഥനയും ആത്മാർത്ഥമായ കരുതലും എക്കാലവും വിലമതിക്കപ്പെടുന്നതാണെന്ന് അദ്ദേഹത്തെ അറിയുന്നവർ വ്യക്തമാക്കി . തൻ്റെ വിശ്വാസവും മാർഗനിർദേശവും കൊണ്ട് എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച അദ്ദേഹം ശാശ്വതമായ ഒരു പാരമ്പര്യവും വ്യക്തിബന്ധങ്ങളും അവശേഷിപ്പിച്ചാണ് നമുക്കിടയിൽ നിന്നും വിടവാങ്ങുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞു. സമൂഹത്തിൻ്റെ നാനാതുറകളിലും തൻ്റെ കരസ്പർശം ഏൽപ്പിച്ച് അസുഖത്തെ പോലും കാര്യമാക്കാതെ നടന്നു നീങ്ങിയ ഒരു നല്ല വൈദീകനായിരുന്നു ഫാ. പീറ്റർ കാവും പുറം. കോതമംഗലം രൂപതയിലെ മൂവാറ്റുപുഴ കാരക്കുന്നം ഇടവകാംഗമാണ് അദ്ദേഹം .
റവ.ഫാ. പീറ്റർ കാവും പുറത്തിൻ്റെ നിത്യശാന്തിക്കായി 25/09/24 ന് വൈകീട്ട് 7 മണിക്ക് കൃഗിബേൺ ഔവ്വർ ലേഡീസ് ചർച്ചിൽ മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ. ജോൺ പനന്തോട്ടത്തിൻ്റെ നേതൃത്വത്തിൽ ഒപ്പീസും പ്രത്യേക പ്രാർത്ഥനയും ഉണ്ടാകും.
പരേതൻ്റെ ആത്മാവിനെയും കുടുംബാംഗങ്ങളെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണമെന്ന്, സെൻറ് അൽഫോൻസ്, കത്തീഡ്രൽ ഇടവകയെ പ്രതിനിധീകരിച്ച് ഫാ.വർഗീസ് വാവോലിൽ അഭ്യർത്ഥിച്ചു.
ശവസംസ്കാര ചടങ്ങുകളുടെ വിശാദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.






























