രത്തൻ ടാറ്റ ലോകത്തോട് വിട പറഞ്ഞു. 86-ാം വയസ്സിൽ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം എന്നും ഓർക്കും. രത്തൻ ടാറ്റ ഉള്ളിൽ ശക്തനായതുപോലെ ലളിതനായ മനുഷ്യൻ കൂടിയായിരുന്നു. ഏത് ജോലി ചെയ്യാൻ തീരുമാനിച്ചാലും അത് പൂർത്തിയാക്കിയ ശേഷം മാത്രമേ അദ്ദേഹം നിർത്തുകയുള്ളൂ. അത്തരത്തിലുള്ള ഒരു അവിസ്മരണീയ കഥ അദ്ദേഹത്തിനുണ്ട്. രത്തൻ ടാറ്റയുമായി ബന്ധപ്പെട്ട ഒരു പ്രതികാര കഥയാണിത്. അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് മോട്ടോഴ്സിൻ്റെ ചെയർമാനിൽ നിന്നേറ്റ അപമാനത്തിന് വളരെ രസകരമായ രീതിയിൽ അദ്ദേഹം പ്രതികാരം ചെയ്ത കഥയാണിത്.
പ്രതികാരത്തിൻ്റെ കഥ ആരംഭിച്ചത് ഇങ്ങനെ
ടാറ്റ സൺസിൻ്റെ ചെയർമാനായിരുന്ന രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ടാറ്റ മോട്ടോഴ്സ് ടാറ്റ ഇൻഡിക്ക എന്ന കാർ പുറത്തിറക്കിയ 1990 കളിലാണ് ഈ സംഭവം നടന്നത്. എന്നാൽ അന്ന് ടാറ്റ കാറിൻ്റെ വിൽപ്പന രത്തൻ ടാറ്റയുടെ പദ്ധതി പ്രകാരം മുന്നോട്ടുപോയില്ല. ടാറ്റ ഇൻഡിക്കയോടുള്ള മോശം ഉപഭോക്തൃ പ്രതികരണവും തുടർച്ചയായി വർദ്ധിച്ചുവരുന്ന നഷ്ടവും കാരണം, അവർ പാസഞ്ചർ കാർ ബിസിനസ് വിൽക്കാൻ തീരുമാനിച്ചു. ഇതിനായി അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ് മോട്ടോഴ്സുമായി സംസാരിച്ചു.
തൻ്റെ പാസഞ്ചർ കാർ ബിസിനസ് ഫോർഡ് മോട്ടോഴ്സിന് വിൽക്കാനായിരുന്നു രത്തൻ ടാറ്റയുടെ തീരുമാനം. എന്നാൽ ഫോർഡിൻ്റെ ചെയർമാൻ ബിൽ ഫോർഡ് അദ്ദേഹത്തെ പരിഹസിച്ചു . ‘നിങ്ങൾക്കൊന്നും അറിയില്ല, എന്തിനാണ് നിങ്ങൾ പാസഞ്ചർ കാർ ഡിവിഷൻ തുടങ്ങിയത്’ എന്ന് പറഞ്ഞായിരുന്നു ഫോർഡ് മുതലാളിയുടെ അധിക്ഷേപം. താൻ ഈ കരാർ ഉണ്ടാക്കിയാൽ, അത് നിങ്ങൾക്ക് ഒരു വലിയ ഉപകാരമായിരിക്കും എന്നുകൂടി ഫോർഡ് മുതലാളി രത്തൻ ടാറ്റയോട് പറഞ്ഞുവത്രെ.
ഫോർഡ് ചെയർമാൻ്റെ ഈ വാക്കുകൾ രത്തൻ ടാറ്റയുടെ നെഞ്ചിൽ ഒരു അസ്ത്രം പോലെ തറച്ചു. എന്നാൽ മുഖത്ത് യാതൊരു ഭാവഭേദവും വരുത്താതെ ബിൽ ഫോർഡിൻ്റെ വാക്കുകൾ മാന്യമായി കേട്ട് മനസിൽ ഒരു വലിയ തീരുമാനമെടുക്കുകയായിരുന്നു രത്തൻ ടാറ്റ അപ്പോൾ ചെയ്തത്. അമേരിക്കയിൽ അപമാനിതനായ ശേഷം, കാർ ഡിവിഷൻ വിൽക്കാനുള്ള തീരുമാനം രത്തൻ ടാറ്റ മാറ്റിവച്ചു. പിന്നാലെ ബിൽ ഫോർഡിനെ ഒരിക്കലും സങ്കൽപ്പിക്കാത്ത പാഠം അദ്ദേഹം പഠിപ്പിക്കുകയും ചെയ്തു.






























