സിഡ്നി: നവോദയ സിഡ്നി സംഘടിപ്പിച്ച “കുളൂരിന്റെ അഭിനയപ്പന്തൽ” നാടകാഭിനയ ശില്പശാലയുടെ ആദ്യ ബാച്ച് വിജയകരമായി പൂർത്തിയായി. പ്രശസ്ത നാടക, സിനിമാ രചയിതാവും നടനുമായ ജയപ്രകാശ് കുളൂരിന്റെ നേതൃത്വത്തിലാണ് 5 ആഴ്ച നീണ്ടു നിന്ന ഓൺലൈൻ ശില്പശാല നടന്നത്. പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയുടെ മുൻകൈയ്യിലാണ്, അഭിനയപന്തലിന്റെ പഠനം ആസ്ട്രേലിയയിലേക്കും വ്യാപിപ്പിക്കാനുള്ള ഉദ്യമത്തിൽ നവോദയ സിഡ്നി പങ്കാളികളായത്. ഫെബ്രുവരി 10 തുടങ്ങിയ അഭിനയ പരിശീലനം സൂം മീറ്റിംഗ് വഴി എല്ലാ ദിവസവും (ശനി , ഞായർ ഒഴികെ) സിഡ്നി സമയം രാത്രി 8 30 മുതൽ 10 30 വരെയാണ് സംഘടിപ്പിക്കപ്പെട്ടത് .
മലയാള അമച്വർ നാടക രംഗത്ത് തന്റേതായ പുതിയൊരു വഴി വെട്ടിതെളിയിക്കുകയും അനേകം വ്യതിരിക്തമായ നാടകങ്ങളിലൂടെ, ഒരു കൂട്ടം പ്രതിഭകളെ നാടക-സിനിമാ മേഖലകൾക്ക് സമ്മാനിക്കുകയും ചെയ്ത കൃതഹസ്തനായ രചയിതാവാണ് ജയപ്രകാശ് കുളൂർ. മലയാളത്തിൽ അന്നേവരെ കണ്ടിട്ടില്ലാത്ത പുത്തൻ അവതരണ സങ്കേതങ്ങൾ അദ്ദേഹത്തിൻറെ നാടകങ്ങളിലൂടെ അരങ്ങിലെത്തി. അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ, വെളിച്ചെണ്ണ, ഇത് ഒരു കുരങ്ങന്റെ കഥയല്ല , ദി നേശന്റെ കഥ എന്നിങ്ങനെ, ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകങ്ങളുടെ സൃഷ്ടാവാണ് കുളൂർ മാഷ്. ‘വക്കാലത്ത് നാരായണൻ കുട്ടി’യുടെ എഴുത്തുകാരനായി സിനിമാലോകത്ത് എത്തിയ അദ്ദേഹം, അന്നയും റസൂലും, എന്നും എപ്പോഴും , പൊറിഞ്ചു മറിയം ജോസ് , ഹിഗ്വിറ്റ തുടങ്ങിയ ഏറെ സിനിമകളിൽ അഭിനയിക്കുകയും പ്രമുഖ സിനിമകളിൽ അഭിനയ പരിശീലകനായി പ്രവർത്തിക്കുകയും ചെയ്തു.
നാടകത്തിലും സിനിമയിലുമുള്ള അദ്ദേഹത്തിന്റെ ബൃഹത്തായ പരിചയസമ്പത്ത് പങ്കുവെച്ച ഈ വെർച്വൽ പഠന കളരി സിഡ്നിയിലെ കലാകാരന്മാർക്ക് ഒരു പുതിയ അനുഭവമായിരുന്നു. അഭിനയകലയുടെ തിയറിയും സങ്കേതങ്ങളും ഹൃദ്യമായ ഇന്ററാക്ടിവ് ക്ളാസുകളിലൂടെ കുളൂർ മാഷ് പകർന്നു നൽകി. തുടർന്ന് വിവിധ ആക്ടിവിറ്റികളിലൂടെ ഓരോ പഠിതാക്കളും അഭിനയ പാഠങ്ങൾ പരിശീലിക്കുകയും ഓൺലൈൻ ആയിത്തന്നെ ചെറു നാടകങ്ങളും നാടക ഭാഗങ്ങളും അവതരിപ്പിക്കുകയും ചെയ്തു.
ഈ വർക്ഷോപ്പിന്റെ തുടർച്ചയായി ആസ്ത്രേലിയയിലെ വിവിധ നഗരങ്ങളിൽ നാടകങ്ങൾ അരങ്ങിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നവോദയ. അഭിനയപ്പന്തലിന്റെ ആദ്യത്തെ ബാച്ചിൽ പങ്കെടുക്കാൻ കഴിയാതിരുന്നവരെ ഉൾപ്പെടുത്തി രണ്ടാമതൊരു ബാച്ച് തുടങ്ങാനുള്ള ഒരുക്കങ്ങളും നടക്കുന്നു.































