തിരുവനന്തപുരം: ഇടനിലയിൽ നിൽക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഴുവൻ വിഭാഗങ്ങളിലും പ്രതിസന്ധിയുണ്ടെന്നും ഡോ. ഹാരിസ് ചിറക്കൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നത് രോഗികൾ അവസാന ആശ്രയമായി കാണുന്ന സ്ഥലമാണ്. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള എല്ലാവിധ പിന്തുണയും നമുക്ക് കിട്ടേണ്ടതാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽറ്റ ന്യൂസ് അവറിൽ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ അവരുടെ സൗകര്യം അനുസരിച്ചാണ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. നിസാര കാരണങ്ങള്‍ പറഞ്ഞ് ഫയലുകള്‍ പിടിച്ചുവെയ്ക്കുകയും തിരിച്ചയക്കുകയും ചെയ്യുകയാണ്. ഫയലുകള്‍ പരിശോധിക്കുന്നതിൽ വെറുതെ കാലതാമസം വരുത്തുകയാണെന്നും ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.
പലപ്പോഴും ചെല്ലുമ്പോള്‍ ഡോക്ടര്‍ക്ക് എന്താണ് അതിന്‍റെ ആവശ്യമുള്ളത്. ഉള്ളതുപോലെയൊക്കെ ചെയ്താപോരെ എന്നുള്ള രീതിയിലുള്ള മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. രോഗികളുടെ അവസാന ആശ്രയമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. പല മെഡിക്കൽ കോളേജുകളിൽ നിന്നടക്കം റഫര്‍ ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്നുണ്ട്. അതിനാൽ തന്നെ വെറെ എങ്ങോട്ടും രോഗികളെ റഫര്‍ ചെയ്ത് വിടാനില്ല. അവസാന ആശ്രയമായി എത്തിയ രോഗികളെ ചികിത്സിക്കുകയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം.































