സിഡ്നിയിലെ പ്രമുഖ മലയാളി സംഘടനയായ പെൻറിത്ത് മലയാളി കൂട്ടായ്മ (PMK) സംഘടിപ്പിക്കുന്ന ആവേശകരമായ വള്ളംകളി മത്സരം ഓഗസ്റ്റ് 2 ന് റിഗാറ്റ ഇൻ്റർനാഷണൽ സെൻ്ററിൽ വച്ച് നടക്കുന്നു. ഇതിൽ പെൻറിത്തിൻ്റെ സ്വന്തം ടീമായ മിന്നൽ റേസിംഗ് ടീം (MRT) ഉൾപ്പടെ പതിനൊന്ന് ടീമുകൾ മാറ്റുരക്കും.
കഴിഞ്ഞ വർഷം മാത്രം രൂപീകൃതമായ MRT ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച നേട്ടങ്ങൾ കൊയ്ത് ശ്രദ്ധയാകർഷിച്ചവരാണ്. കഴിഞ്ഞ വർഷത്തെ PMK വള്ളംകളി മൽസരത്തിൽ മൂന്നാം സ്ഥാനക്കാരായെങ്കിലും തൊട്ടടുത്ത മാസം സൺഷൈൻ കോസ്റ്റിൽ വച്ചുനടന്ന പ്രഥമ ഓൾ ഓസ്ട്രേലിയൻ നെഹൃ ട്രോഫി മൽസരത്തിൽ MRT ചാംപ്യൻമാരായിരുന്നു . മലയാള ജലോൽസവ പാരമ്പര്യത്തോട് അടങ്ങാത്ത പ്രതിപത്തി പുലർത്തുന്ന ഒരു പറ്റം ഊർജസ്വലരായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് MRT. സ്വന്തം തട്ടകത്തിൽ വച്ച് നടക്കുന്ന ഈ മൽസരത്തിൽ ചാംപ്യൻമാരാവാൻ അരയും തലയും മുറുക്കിയുള്ള അക്ഷീണ പ്രയത്നത്തിലാണിവർ. റിഗാറ്റ സെൻ്ററിൽ ‘പെൻ ഡ്രാഗൺ’ ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിശീലനം.
സ്വന്തം നാട് വിട്ട് മറുനാട്ടിൽ കുടിയേറിയവരാണെങ്കിലും സ്വന്തം പാരമ്പര്യത്തിലും സംസ്കാരത്തിലും ഇത്രയേറെ അഭിമാനിക്കുന്ന ഈ മലയാളി സമൂഹം കാണിക്കുന്ന ഈ ഉത്സാഹം തദ്ദേശീയരായ ആൾക്കാരുടെ പോലും പ്രശംസ പിടിച്ചു പറ്റിയിരുന്നു. MRT യിലെ അംഗങ്ങൾ കൂടി പങ്കെടുത്ത പെൻഡ്രാഗൺ ക്ലബ് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയൻ നാഷണൽ ഡ്രാഗൺ ബോട്ട് ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കിയതും ഈ വർഷമായിരുന്നു.
PMK ഓണാഘോഷം 2025 അതി ഗംഭീരമാക്കുവാൻ സംഘാടകർ ശ്രമിക്കുന്നുണ്ട്. വള്ളംകളി മൽസരത്തോടൊപ്പം തന്നെ യുവതീ യുവാക്കളും കുട്ടികളും ഉൾപ്പെട്ട ധാരാളം വൈവിധ്യമാർന്ന പരിപാടികൾ നടത്തപ്പെടുമെന്നും നമ്മുടെ പാരമ്പര്യവും സാംസ്കാരിക തനിമയും ലോകത്തിന് മുൻപിൽ വെളിപ്പെടുത്തുന്ന ഈ അവസരം അങ്ങേയറ്റം വർണശബളമാക്കുമെന്നും സംഘാടകർ അറിയിച്ചു.































