ശ്രീനഗർ; ജമ്മു കശ്മീരിനെ ഞെട്ടിച്ച 14കാരിയുടെ കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്. അജ്ഞാതർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കൂടെയുണ്ടായിരുന്ന സഹോദരി മൊഴി നൽകിയത്. ഒടുവിൽ അതേ സഹോദരിയാണ് കൊലപാതകിയെന്ന് അറിഞ്ഞപ്പോൾ നാട്ടുകാർ അമ്പരന്നുപോയി.
ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ സെഹ്പോറ ഗ്രാമത്തിലാണ് കഴിഞ്ഞ ഞായറാഴ്ചയാണ് 14 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കൂടെയുണ്ടായിരുന്ന മൂത്ത സഹോദരി പറഞ്ഞത് അവളെ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചുവെന്നാണ്.
എന്നാൽ അന്വേഷണത്തിനിടെ സഹോദരിയുടെ മൊഴിയിൽ പൊലീസ് പൊരുത്തക്കേടുകൾ കണ്ടെത്തി. വിശദമായി പരിശോധിക്കുന്നതിനായി ശ്രീനഗറിൽ നിന്ന് ഫോറൻസിക് വിദഗ്ധരെ കൊണ്ടുവന്നു. പ്രദേശത്തെയാകെ ഞെട്ടിച്ച കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. തങ്ങളുടെ വയലിന്‍റെ ഒരു ഭാഗത്ത് എത്തിയപ്പോൾ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടി മൊഴി നൽകിയതെന്ന് ഗന്ദർബാൽ എസ്.എസ്.പി. ഖലീൽ പോസ്‌വാൾ പറഞ്ഞു. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അങ്ങനെയാരെയും സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്താനായില്ല.































