ജെറാൾട്ടൺ: മിഡ്വെസ്റ്റ് ഇന്ത്യൻ കല്ചറൽ സൊസൈറ്റി (MICS) മറ്റു സമൂഹാംഗങ്ങളോടൊപ്പം ചേർന്ന് 79-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കഴിഞ്ഞ വാരാന്ത്യത്തിൽ ജെറാൾട്ടണിൽ ആഘോഷിച്ചു.ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച ഈ സൗജന്യ പരിപാടി, ജെറാൾട്ടൺ മൾട്ടിപർപ്പസ് സെന്ററിലാണ് നടന്നത്. മനോഹരമായ സംസ്കാരിക പരിപാടികളും, രുചികരമായ ഇന്ത്യൻ വിഭവങ്ങളും പരിപാടിയെ അതിഗംഭീരമാക്കി .




മേയർ ജെറി ക്ലൂൺ, ഡെപ്യൂട്ടി മേയർ നതാഷ കൊളിവർ, മിഡ്വെസ്റ്റ് മൾട്ടികൾച്ചറൽ അസോസിയേഷൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ സമൂഹത്തോടൊപ്പം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
അന്നേ ദിവസം തന്നെ MICS ന്റെ വാർഷിക ജനറൽ യോഗവും നടന്നു. പദവി ഒഴിയുന്ന പ്രസിഡന്റായ ശ്രീമതി.സൗമ്യ ഹരി കുമാർ, കഴിഞ്ഞ വർഷം സംഘടനയെ നയിച്ച അനുഭവം മറ്റുള്ളവരുമായി പങ്കിട്ടു. നവരാത്രി & ഗർബ നൈറ്റ്, ദീപാവലി – ദ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്, ക്രിസ്മസ് സൺഡൗണർ, ഹോളി – ദ ഫെസ്റ്റിവൽ ഓഫ് കളേഴ്സ്, ഇന്റർനാഷണൽ യോഗാ ഡേ എന്നിവയ്ക്കൊപ്പം സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച സൗമ്യ ഹരി കുമാർ സ്വന്തം സമൂഹത്തെ സേവിക്കാനും, മറ്റു ബഹുഭാഷാ-സംസ്കാര സംഘടനകളുമായി സഹകരണം വളർത്താനും കഴിഞ്ഞത് ഒരു അഭിമാനവും ഭാഗ്യവുമാണെന്ന് വ്യക്തമാക്കി.


പുതിയ കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്ത സൗമ്യ പുതുതായി ചുമതലയേറ്റ ഡോ. ജിഗ്നേഷ് വാനിയക്ക് സംഘടനയുടെ അധികാരം കൈമാറി. അദ്ദേഹം 2025–2026 കാലയളവിൽ മിഡ്വെസ്റ്റ് ഇന്ത്യൻ കല്ചറൽ സൊസൈറ്റിയെ നയിക്കും.
ഇന്ത്യൻ സമൂഹത്തോടൊപ്പം മലേഷ്യ, ചൈന, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ പല രാജ്യങ്ങളിലെ സുഹൃത്തുക്കളും സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നിരുന്നു .


സ്ഥാപക അംഗമായ ഡോ. ഹരി കുമാർ, ഇന്ത്യൻ സമൂഹത്തോടൊപ്പം ചേർന്ന് ആഘോഷങ്ങളിൽ പങ്കെടുത്തതിന് എല്ലാവർക്കും നന്ദി അറിയിച്ചു.






























