കോട്ടയം: ഓസ്ട്രേലിയൻ മലയാളിയും എഴുത്തുകാരനുമായ സിജു ജേക്കബിന്റെ പുതിയ പുസ്തകങ്ങളായ ‘ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക്…’, ‘അപരിചിതരുടെ ആകാശങ്ങൾ’ എന്നിവയുടെ പ്രകാശനവും കവർ ലോഞ്ചും അക്ഷരനഗരിയായ കോട്ടയത്ത് നടന്നു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നൂറ പബ്ലിക്കേഷൻസിന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു.
സിജു ജേക്കബിന്റെ എഴുത്ത് വായനക്കാരെ ആകർഷിക്കുന്നതാണെന്ന് പ്രശസ്ത നാടക-സിനിമാ നടൻ പ്രമോദ് വെളിയനാട് പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ മൃഗസ്നേഹവും മനുഷ്യസ്നേഹവും സഞ്ചാരപ്രിയവും അദ്ദേഹത്തിന്റെ എഴുത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും പ്രമോദ് കൂട്ടിച്ചേർത്തു.
എഴുത്തിന്റെ ലോകത്തേക്ക് പുതിയ മാനങ്ങളും ശൈലിയും കൊണ്ടുവരുന്നതാണ് സിജുവിന്റെ രചനകളെന്ന് എഴുത്തുകാരൻ ബാബു കുഴിമറ്റം അഭിപ്രായപ്പെട്ടു. സിജുവിന്റെ പ്രത്യേകമായ ഭാഷാശൈലി എല്ലാ വായനക്കാർക്കും ഇഷ്ടപ്പെടുമെന്നും, അദ്ദേഹത്തിന് ഇനിയും മികച്ച പുസ്തകങ്ങൾ ലോകത്തിന് നൽകാൻ കഴിയുമെന്നും കവിയും എഴുത്തുകാരനുമായ അജിത് നാരായണൻ പറഞ്ഞു. സിജുവിന്റെ ആദ്യ പുസ്തകമായ ‘പ്രണയാദരങ്ങളോടെ…’-യ്ക്ക് അവാർഡ് ലഭിച്ചത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്ന് പ്രസാധകയായ പ്രൊഫ. മഞ്ജു വി.കെ പറഞ്ഞു.
എഴുത്തിനെ ഏറെ ഇഷ്ടപ്പെടുന്ന മന്ത്രി വി.എൻ. വാസവൻ സിജുവിന്റെ പുസ്തകങ്ങൾ ഏറെ വായിക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. എഴുത്തിലൂടെ മനുഷ്യരെ ആകർഷിക്കാൻ കഴിവുള്ള എഴുത്തുകാരനാണ് സിജു ജേക്കബ് എന്ന് മൂവാറ്റുപുഴ മുൻസിപ്പൽ കൗൺസിലറും വ്യവസായിയുമായ ജോയ്സ് മേരി ആന്റണി പറഞ്ഞു.
വായനക്കാർ തന്റെ എഴുത്തുകൾ സ്വീകരിക്കുന്നത് ഏറെ സന്തോഷം നൽകുന്നുണ്ടെന്നും, അത് കൂടുതൽ എഴുതാൻ പ്രചോദനമാകുന്നുണ്ടെന്നും സിജു ജേക്കബ് പറഞ്ഞു. വായന കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ തന്റെ എഴുത്തുകളിലൂടെ പുതിയ വായനക്കാരെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, എഴുത്തുകാരിയും മലയാള മനോരമ ചീഫ് സബ് എഡിറ്ററുമായ രമ്യ ബിനോയ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ദൂരദേശങ്ങളിൽ നിന്നും സിജുവിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പുസ്തകപ്രേമികളുമടക്കം നിരവധിപേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
സിജു ജേക്കബിന്റെ മൂന്നാമത്തെ പുസ്തകമായ ‘അപരിചിതരുടെ ആകാശങ്ങൾ’ നവംബറിൽ മെൽബണിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയിൽ പ്രകാശനം ചെയ്യും.































