ഓസ്ട്രേലിയൻ ആഹാര മാർഗ്ഗരേഖകൾ (Australian Dietary Guidelines) മനുഷ്യരുടെ ആരോഗ്യവും പോഷണവും ലക്ഷ്യമാക്കി തയ്യാറാക്കിയതാണ്. എന്നാൽ, പുതിയ തലമുറയിൽ പുറത്തിറങ്ങാനിരിക്കുന്ന മാർഗ്ഗരേഖകൾ മനുഷ്യരുടെ ആരോഗ്യത്തിന് പുറമെ പരിസ്ഥിതിയുടെ ആരോഗ്യവും ഉൾപ്പെടുത്തി രൂപപ്പെടുത്തിയേക്കുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഓസ്ട്രേലിയയുടെ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ അവലോകനം ചെയ്തുവരികയാണ്, പുതിയ ശുപാർശകൾ 2026-ൽ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓസ്ട്രേലിയക്കാർക്ക് ഔദ്യോഗിക ഭക്ഷണ മാർഗ്ഗനിർദേശങ്ങളുമായി ഉണ്ടായിരുന്ന ആദ്യത്തെ പരിചയം ഭക്ഷണ പിരമിഡ് ആയിരുന്നു, അതിൽ പഴങ്ങൾ, പച്ചക്കറികൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ അടിത്തറയിൽ ഉൾപ്പെടുത്തിയിരുന്നപ്പോൾ കൊഴുപ്പ്, പഞ്ചസാര എന്നിവ മുകളിലെ ചെറിയ ഭാഗത്തായിരുന്നു. പതിറ്റാണ്ടുകളായി, ഭക്ഷണ പിരമിഡിന്റെ വിവിധ ഘടകങ്ങൾ ചെറിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അടുത്തിടെ, ഇത് നവീകരിക്കുകയും ഇപ്പോൾ “ആരോഗ്യകരമായ ഭക്ഷണ പ്ലേറ്റ്” എന്ന പേരിലുമാണ് ഇതിനെ അറിയപ്പെടുന്നത്.
അതേസമയം, ലോകത്തെ പല രാജ്യങ്ങളും പുതിയ ഭക്ഷണ മാർഗ്ഗരേഖകളിൽ മനുഷ്യരുടെ ആരോഗ്യത്തോടൊപ്പം ഭൂമിയുടെ ആരോഗ്യവും പരിഗണിക്കുന്ന ദിശയിലേക്ക് മാറിക്കൊണ്ടിരിക്കുകയായിരുന്നു. കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലെഗ്യൂംസ്, നട്ടുകൾ എന്നിവ ഉൾപ്പെടുത്തി ഇറച്ചി, പ്രോസസ്സ് ചെയ്ത ഭക്ഷണം എന്നിവ നിയന്ത്രിക്കുന്ന രീതിയായിരുന്നു ഇത്.
നിലവിലുള്ള “ഓസ്ട്രേലിയൻ ഗൈഡ് ടു ഹെൽത്തി ഈറ്റിംഗ്” അനുസരിച്ച്, ആരോഗ്യകരമായ ഭക്ഷണ പ്ലേറ്റിനെ അഞ്ച് പ്രധാന ഭക്ഷണ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീൻ, പാലുൽപ്പന്നങ്ങൾ എന്നിവയിലാണ് കേന്ദ്രികരിച്ചിട്ടുള്ളത്.എന്നാൽ നിലവിലെ മാർഗ്ഗരേഖകൾ പാലിക്കുന്നവർ വളരെ കുറവാണെന്നും. Australian Bureau of Statistics പ്രകാരമുള്ള കണക്കുകൾ അനുസരിച്ച്, 4.2% ഓസ്ട്രേലിയക്കാർ മാത്രമാണ് ദിവസേന നിർദേശിച്ചിരിക്കുന്ന പഴവും പച്ചക്കറിയും മതിയായ അളവിൽ കഴിക്കുന്നത്.
2026-ൽ പുറത്തിറങ്ങുന്ന പുതിയ മാർഗ്ഗരേഖകളിൽ മനുഷ്യരുടെ ആരോഗ്യത്തോടൊപ്പം പരിസ്ഥിതി നിലനിൽപ്പിനെയും പരിഗണിച്ചുകൊണ്ടുള്ള “planet-friendly” ഭക്ഷണ ശുപാർശകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.































