കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ പൊലീസുകാര്‍ ഉരുട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു. അന്വേഷണത്തിൽ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് കോടതി വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉൾപ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം പ്രതി കെ ജിതകുമാറിന്റെ വധശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി എസ് വി ശ്രീകുമാറിനും 2018 ൽ വധശിക്ഷ വിധിച്ചെങ്കിലും അര്‍ബുദബാധയെ തുടര്‍ന്ന് 2020 ൽ മരിച്ചു. കൊലക്കുറ്റം, ക്രൂരമര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ഉരുട്ടിക്കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുകയും വ്യാജരേഖ ചമച്ച് ഉദയകുമാറിനെതിരെ കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് സിബിഐ പ്രത്യകേ കോടതി മൂന്നു വര്‍ഷം തടവും പിഴയും വിധിച്ച മുന്‍ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ്, അന്ന് എസ്ഐയിയായിരുന്ന ടി അജിത്കുമാര്‍ എന്നിവരെയും ഹൈക്കോടതി വെറുതേ വിട്ടു.































