സൺഷൈൻ കോസ്റ്റ്: ബേസ് ജംപിൽ പുതിയ ചരിത്രം കുറിക്കാനുള്ള സ്വപ്ന യാത്രക്കിടെ ഓസ്ട്രേലിയൻ ബേസ് ജംപർക്ക് ദാരുണാന്ത്യം. സൺഷൈൻ കോസ്റ്റിലെ മാത്യു ബസ്റ്റിൻ (31) ആണ് വാരാന്ത്യത്തിൽ ഫ്രഞ്ച് മലനിരകളിൽ ബേസ് ജംപ് പൂർത്തിയാക്കാനുള്ള ശ്രമത്തിനിടെ ദാരുണമായി വീണു മരിച്ചത്.
ജീവിതം പൂർണമായും ബേസ് ജംപിങ്ങിനായി ഉഴിഞ്ഞുവച്ച മാത്യുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. കെട്ടിടങ്ങൾ, പാറക്കെട്ടുകൾ തുടങ്ങിയ സ്ഥിര വസ്തുക്കളിൽ നിന്ന് പ്രത്യേക പാരച്യൂട്ട് ഉപയോഗിച്ച് നിലത്തേക്ക് മന്ദഗതിയിൽ ഇറങ്ങുന്ന തീവ്രതയേറിയ കായിക വിനോദമാണ് ബേസ് ജംപിങ്.
ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിനിടെയാണ് മാത്യുവിന് മരണം സംഭവിച്ചതെന്ന് സുഹൃത്തുക്കൾ വേദനയോടെയാണ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഫ്രാൻസിൽ നിന്ന് മൃതദേഹം ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കുടുംബം.































