മെൽബൺ: ഓസ്ട്രേലിയയിലെ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമത ഓസ്ട്രേലിയയുടെ ഓണാഘോഷ പരിപാടി ‘ഇന്ത്യ ഫുഡ്സ് നല്ലോണം 2025’ മെൽബണിൽ വർണാഭമായി അരങ്ങേറി. ഓഗസ്റ്റ് 23-ന് ബോക്സ് ഹിൽ ടൗൺ ഹാളിൽ നടന്ന പരിപാടി വിക്ടോറിയയുടെ ഊർജമന്ത്രി ലില്ലി ഡി ആംബ്രോസിയ ഉദ്ഘാടനം ചെയ്തു.
ഒരുമയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമായ ഓണത്തെ വരവേറ്റുകൊണ്ട്, സമതയുടെ ഓണാഘോഷം മെൽബണിലെ മലയാളി സമൂഹത്തിന് കൂട്ടായ്മയുടെ പുതിയൊരു അനുഭവം നൽകി.
പ്രിയം സിനിമയിലൂടെ ശ്രദ്ധേയയായ നടി ദീപ നായരും ആർട്ട് ഓഫ് വിന്യാസ സംഘവും അവതരിപ്പിച്ച ഭരതനാട്യം ചടങ്ങിന് കലാപരമായ സൗന്ദര്യം പകർന്നു.
മാവേലിയെ വരവേൽക്കൽ, പുലികളി, കുമ്മാട്ടിക്കളി, താലപ്പൊലി, തിരുവാതിര, ബീറ്റ്സ് ഓഫ് ഏഞ്ചൽസ് മെൽബൺ അവതരിപ്പിച്ച ചെണ്ടമേളം തുടങ്ങി കേരളത്തിന്റെ തനത് കലാരൂപങ്ങൾ വേദിയിൽ അണിനിരന്നു.
സമതയുടെ പ്രവർത്തകർ സ്വന്തമായി തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകർഷണം. പരമ്പരാഗത രീതിയിലുള്ള ഈ സദ്യ ആഘോഷത്തിന് പൂർണത നൽകി.
പരിപാടിയോടനുബന്ധിച്ച് സമത ഓസ്ട്രേലിയ നവംബറിൽ നടത്താൻ പോകുന്ന സമത ലിറ്റററി ഫെസ്റ്റിവലിന്റെ (എസ്.എൽ.എഫ്) പോസ്റ്റർ പ്രകാശനം മന്ത്രി ലില്ലി ഡി ആംബ്രോസിയ നിർവഹിച്ചു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രേഖ പീറ്ററിന് പോസ്റ്റർ നൽകിക്കൊണ്ടാണ് പ്രകാശനം നടന്നത്.
കൂടാതെ, പരിസരത്തുണ്ടായിരുന്ന ഓണച്ചന്തയും സന്ദർശകരുടെ ശ്രദ്ധ നേടി. ഇന്ത്യൻ ആഭരണങ്ങൾ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഈ ചന്തയിലുണ്ടായിരുന്നു.































