പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം മർദ്ദന കേസിൽ കൂടുതൽ ഇരകൾ ഉണ്ടെന്ന സംശയത്തിൽ പോലീസ്. യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേരും മർദ്ദനത്തിന് ഇരയായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മുഖ്യപ്രതി ജയേഷിൻ്റെ ഫോണിലെ രഹസ്യഫോൾഡറിലുള്ള ദൃശ്യങ്ങൾ കേസിൽ നിർണായകമാണ്. ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരൻ, റാന്നി സ്വദേശിയായ 30 കാരൻ. ജയേഷും ഭാര്യ രശ്മിയും അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ രണ്ടുപേരുടെ പരാതിയാണ് നിലവിൽ പോലീസിന്റെ മുന്നിലെത്തിയത്. മറ്റ് രണ്ടുപേരും സമാനരീതിയിൽ കോയിപ്രത്തെ വീട്ടിൽ വച്ച് അതിക്രൂരമർദ്ദനത്തിന് ഇരയായോ എന്ന സംശയം പോലീസിനുണ്ട്. എന്നാൽ നിലവിലെ പരാതിക്കാർ തന്നെ പോലീസിനോട് ആദ്യഘട്ടത്തിൽ മൊഴി നൽകാൻ സഹകരിച്ചിരുന്നില്ല.































