മെൽബൺ:ഓസ്ട്രേലിയൻ നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി ഫെഡറേഷൻ (ANMF) വിക്ടോറിയൻ ബ്രാഞ്ച് കൗൺസിലിന്റെ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 8 മുതൽ ഒക്ടോബർ 6 വരെ നടത്തപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ബ്രാഞ്ച് കൗൺസിലിലെ 23 സ്ഥാനങ്ങൾക്കൊപ്പം സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. തപാൽ വോട്ട് മുഖേനയാണ് തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് മേൽനോട്ടം ഓസ്ട്രേലിയൻ ഇലക്ടറൽ കമ്മീഷൻ (AEC) ആണ് നടത്തുന്നത്. ബന്ധപ്പെട്ട രേഖകൾ ഫെയർ വർക്ക് കമ്മീഷൻ/റെജിസ്റ്റേഡ് ഓർഗനൈസേഷൻസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

36 വർഷത്തിന് ശേഷം Secretary സ്ഥാനത്ത് മത്സരം:
വിക്ടോറിയയിൽ Secretary സ്ഥാനത്തേക്ക് 1989-ന് ശേഷം ആദ്യമായാണ് മത്സരമുണ്ടാകുന്നത്. മുൻ സെക്രട്ടറി ലിസ ഫിറ്റ്സ്പാട്രിക് 2025 ജൂലൈയിൽ വിരമിച്ചതിനെ തുടർന്ന് ഇടക്കാല സെക്രട്ടറിയായി മാഡി ഹാരഡൻസ് നിയമിക്കപ്പെട്ടിരുന്നു.
Secretary സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്:
1.മാഡി ഹാരഡൻസ് (ഇപ്പോൾ ഇടക്കാല/നിയമിത സെക്രട്ടറി)
2.ക്വിൻ മക്‌ഗിന്നസ് (മുൻ യൂണിയൻ ഓർഗനൈസർ)
3.ജിമ്മി പാറേൽ (പുതിയൊരു നഴ്‌സസ് യൂണിയൻ തുടങ്ങാൻ ശ്രമിക്കുന്ന വ്യക്തി)
ജിമ്മി പാറേലിന്റെ നേതൃത്വത്തിലുള്ള മലയാളികളാൽ സമ്പന്നമായ ടീം പുത്തൻ ആശയങ്ങളും മികവുറ്റ നേതൃ പാടവവുമാണ് മുന്നോട്ട് വയ്ക്കുന്നത്.നവ നേതൃത്വമായതുക്കൊണ്ട് തന്നെ ജിമ്മി പാറേലിന്റെ ടീമിന് ഒട്ടനവധി ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്.

യൂണിയൻ കൗൺസിൽ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളോട് ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് “ലീഡർഷിപ്പിൽ അനുഭവം ഉണ്ടോ” എന്നത്. എന്നാൽ, സ്ഥാനാർഥികൾ ഈ ചോദ്യത്തെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോലും ആദ്യമായി മത്സരിക്കുന്നവരെ വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കാറുണ്ട്. യൂണിയൻ സംവിധാനവും അതേ രീതിയിലാണ്. ദിനചര്യ പ്രവർത്തനങ്ങൾക്കായി 160 ജീവനക്കാർ യൂണിയനിലുണ്ട്. അത് ഒരാളുടെ ‘വ്യക്തിപരമായ ഓഫീസുജോലി’ അല്ല,” എന്ന് സ്ഥാനാർഥികൾ വ്യക്തമാക്കി.കൂടാതെ തങ്ങളാരും പുതുമുഖങ്ങൾ അല്ല എന്നും വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരാണെന്നും അവർ വ്യക്തമാക്കി.ആയതിനാൽ നഴ്‌സുമാരുടെ യഥാർത്ഥ ആവശ്യം, ബുദ്ധിമുട്ട്, ആഗ്രഹം എന്നിവ തങ്ങളോളം അറിയുന്നവർ വേറെ ആരും ഉണ്ടാവില്ല എന്നും അവർ വ്യക്തമാക്കി. കാലാവധി പൂർത്തിയാക്കി ചുമതലകളിൽ നിന്ന് ഒഴിയുന്ന അംഗങ്ങളുടെ ഭരണപരിഷ്കാരങ്ങളെ രൂക്ഷമായ വിമർശിച്ച ജിമ്മി പാറേലിന്റെ ടീം തങ്ങളുടെ മുന്നോട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.







പുതിയ സ്ഥാനാർഥികൾ പ്രഖ്യാപിച്ച പ്രധാന ലക്ഷ്യങ്ങൾ:
-മുമ്പൊരിക്കലും കാണാത്ത രീതിയിൽ സുതാര്യവും ന്യായവുമായ EBA ചർച്ചകൾ ഉറപ്പാക്കുമെന്ന് സ്ഥാനാർഥി പ്രഖ്യാപിച്ചു. പൊതു–സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന നഴ്സുമാരെ വേർതിരിക്കാതെ, എല്ലായിടത്തും ഒരേ സമീപനം വേണമെന്നതാണ് ജിമ്മി പാറേലിന്റെ നിലപാട്.
-പേഷ്യന്റ് കെയർ ആക്റ്റ് പ്രകാരമുള്ള സ്റ്റാഫിംഗ് അനുപാതം സ്വകാര്യ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും നടപ്പാക്കണം . “രോഗികളുടെ സുരക്ഷയും ജോലിഭാരവും എവിടെയും ഒരുപോലെ തന്നെയാണ്, അതിനാൽ നിയമം പൊതുവായി ബാധകമാകണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-അംഗങ്ങളുടെ പ്രശ്നങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്, നിക്ഷേപ സ്വത്തുക്കളിലേക്കല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
-ലീഡർഷിപ്പിൽ ഉത്തരവാദിത്തം ഉറപ്പാക്കാൻ കാലാവധി പരിധിയും ശമ്പളപരിധിയും കൊണ്ടുവരണമെന്ന്
ജിമ്മി പാറേൽ നിർദ്ദേശിച്ചു. ഇപ്പോഴുള്ള ശമ്പള നിരക്ക് Secretaryക്ക് $328,000ൽ നിന്ന് $75,000 ആക്കുകയും, Assistant Secretaryക്ക് $275,000ൽ നിന്ന് $70,000 ആക്കുകയും വേണമെന്ന് പ്രഖ്യാപനം വ്യക്തമാക്കുന്നു.
-ബുള്ളിയിംഗിനും പീഡനങ്ങൾക്കും പൂജ്യ സഹിഷ്ണുത പാലിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. “സുരക്ഷിതവും ആദരവുമുള്ള, അംഗങ്ങളെ പിന്തുണക്കുന്ന യൂണിയൻ സംസ്കാരം തീർക്കുമെന്നുമാണ് വാഗ്ദാനം.
-കൂടാതെ, രാഷ്ട്രീയ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും പ്രഖ്യാപനം വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രീയ ബന്ധങ്ങളും അവസാനിപ്പിച്ച്, രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്നത് പൂർണ്ണമായും നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
തങ്ങളുടെ ലക്ഷ്യം ബാങ്കിൽ കോടികൾ കെട്ടിവയ്ക്കലോ പ്രോപ്പർട്ടി സാമ്രാജ്യം തീർക്കലോ അല്ല എന്നും സഹപ്രവർത്തകരായ നഴ്‌സുമാർക്കും, മിഡ്വൈഫുകൾക്കും, കെയറുകൾക്കും വേണ്ടി പോരാടാനാണ് ഇറങ്ങുന്നതെന്നും സ്ഥാനാർഥികൾ വ്യക്തമാക്കി.































