മെൽബൺ : ബ്രിട്ടനിൽ പതിറ്റാണ്ടുകൾക്ക് മുൻപ് കേവലം പത്തുവയസ്സ് പ്രായമുളള രണ്ട് കുട്ടികൾ ചേർന്ന് നടത്തിയ കൊലപാതകത്തിന്റെ ഭീതിയിലാണ് ഇന്ന് ഓസ്ട്രേലിയ. 1993 ഫെബ്രുവരി 20നാണ് ബൂട്ട്ലെയിലെ ന്യൂ സ്ട്രാൻഡ് ഷോപ്പിങ് സെന്ററിൽ നിന്ന് റോബർട്ട് തോംസൺ, ജോൺ വെനബിൾ എന്നിവർ ജയിംസ് ബൾഗർ എന്ന രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ്, ജയിംസിന്റെ വികൃതമാക്കിയ മൃതദേഹം ലിവർപൂളിലെ വാൾട്ടണിലെ റെയിൽവേ ലൈനിൽ നാല് കിലോമീറ്റർ അകലെ കണ്ടെത്തിയത്.
ഈ ക്രൂരകൃത്യം നടത്തിയവരിൽ ഒരാൾ ഇപ്പോൾ ഓസ്ട്രേലിയയിൽ താമസിക്കുന്നുണ്ടെന്നും ശിശുപരിപാലന മേഖലയിൽ (ചൈൽഡ് കെയർ) ജോലി ചെയ്യുന്നുണ്ടെന്നും അഭ്യൂഹം പരന്നതാണ് ഇപ്പോഴത്തെ ഭീതിക്ക് കാരണം. ഇതു സംബന്ധിച്ച ചോദ്യങ്ങളോട് ഫെഡറൽ അധികൃതർ പ്രതികരിക്കുന്നില്ലെന്നതും ആളുകളിൽ ഭീതി കൂട്ടുന്നു.
1993 നവംബറിൽ ശിക്ഷിക്കപ്പെടുമ്പോൾ ഇരുവരും ആധുനിക ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊലപാതകികളായിരുന്നു. 2018ൽ 18 വയസ്സ് തികഞ്ഞപ്പോൾ ഇരവരെയും വിട്ടയച്ചു. പുതിയ ഐഡന്റിറ്റിയിൽ ഇരുവരുടെയും വിവരങ്ങൾ കോടതി ഉത്തരവ് പ്രകാരം സംരക്ഷിക്കപ്പെടുകയാണ്.
ഇപ്പോൾ 43 വയസ്സുള്ള റോബർട്ട് തോംസണെക്കുറിച്ചുള്ള വിവരങ്ങൾ ഇയാളുടെ ബന്ധുവാണ് വെളിപ്പെടുത്തിയത്. റോബർട്ട് സ്ത്രീയായി മാറിയെന്നും ഓസ്ട്രേലിയയിലാണ് താമസമെന്നും ശിശുപരിപാലന കേന്ദ്രത്തിൽ ജോലി ചെയ്യുന്നുവെന്നും ഒരു കാമുകനുണ്ടെന്നും ബന്ധു പറയുന്നു.































