ഭോപ്പാൽ: ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ നിന്ന് 33കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെടുത്തു. ഭോപ്പാലിലെ നിഷാത്പുര മേഖലയിലാണിത്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ സിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു.
ഒരു വർഷം മുൻപാണ് സിയയും ഭോപ്പാൽ സ്വദേശിയായ സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് താനെന്ന വിവരം സമീർ സിയയിൽ നിന്ന് മറച്ചുവെച്ചിരുന്നു. സമീറിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപ് സിയ തന്റെ നാടുവിട്ട് ഭോപ്പാലിലെ കമലാ നഗറിലുള്ള സമീറിന്റെ വീട്ടിലെത്തി.
സമീറിന്റെ വീട്ടിൽ താമസം തുടങ്ങിയതോടെ സിയയും സമീറിന്റെ ഭാര്യയും തമ്മിൽ നിരന്തരം വഴക്കുകൾ ഉണ്ടായി. സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമ്മർദ്ദം ചെലുത്തി. വിവാഹം കഴിക്കുന്നില്ലെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സിയ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. തർക്കം രൂക്ഷമായതോടെ സമീറിന്റെ ഭാര്യ ജബൽപൂരിലെ സ്വന്തം വീട്ടിലേക്ക് പോയി.































