ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്കായി മറ്റ് വഴികൾ തേടി ഇന്ത്യ. രാജ്യത്ത് ഊർജ പ്രതിസന്ധി ഒഴിവാക്കാൻ ലക്ഷ്യമിട്ട് റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി വർധിപ്പിക്കാനാണ് തീരുമാനം. എണ്ണ വിതരണത്തിൽ തടസമുണ്ടാകില്ലെന്ന് ഉറപ്പിക്കാൻ കേന്ദ്രസർക്കാരും എണ്ണ കമ്പനികളും ശ്രമം തുടങ്ങിഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം ഏകദേശം 25-27 ലക്ഷം ബാരൽ എണ്ണയാണ് ഇവിടം കടന്ന് ഇന്ത്യയിലേക്ക് വരുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ പ്രധാനമായും ഈ പാതയിലൂടെയാണ് വരുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലച്ചതോടെ ഇന്ത്യയിൽ എണ്ണ പ്രതിസന്ധിക്കുള്ള സാധ്യതകളാണ് ഉരുത്തിരിയുന്നത്. എങ്കിലും റഷ്യ ഒരു ആശ്രയമായി ഇപ്പോഴമുള്ളത് ഇന്ത്യാക്കാരെ സംബന്ധിച്ച് ആശ്വാസകരമാണ്.
അതേസമയം എൽപിജി ഇറക്കുമതിയിലാണ് ഇന്ത്യ വലിയ പ്രതിസന്ധി നേരിടാൻ പോകുന്നത്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയുടെ സിംഹഭാഗവും ഹോർമുസ് പാതയെയാണ് ആശ്രയിക്കുന്നത്. എൽപിജിക്ക് മറ്റ് കേന്ദ്രങ്ങൾ ആശ്രയിക്കാനില്ലാത്തതാണ് പ്രതിസന്ധി. ശനിയാഴ്ച രാത്രി വൈകി ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അറിയിച്ചതോടെ കപ്പലുകൾ യാത്ര നിർത്തിവച്ചിരിക്കുകയാണ്. ഈ വിലക്ക് മറികടന്ന് മുന്നോട്ട് പോയ ആറ് കപ്പലുകൾക്ക് മീതെ ഇറാൻ തൊടുത്ത തീയുണ്ടകൾ വന്നുപതിച്ചു. ഇതോടെ യൂറോപ്പിൽ വാതക വില കുതിച്ചുയർന്നു.































