അങ്കമാലി: കുടിവെള്ളം എവിടെയും എളുപ്പത്തിൽ ശുദ്ധീകരിച്ച് ഉപയോഗിക്കാനാകുന്ന അത്യാധുനിക പോർട്ടബിൾ സ്മാർട്ട് ഫിൽട്ടർ ബോട്ടിൽ വികസിപ്പിച്ച് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (FISAT) വിദ്യാർത്ഥികൾ. ‘ഹൈഡ്രാപ്യൂർ’ (HydraPure) എന്ന് പേരിട്ടിരിക്കുന്ന ഈ സവിശേഷ കണ്ടുപിടിത്തത്തിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പേറ്റന്റ് ലഭിച്ചു.ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് (EEE) വിഭാഗം അവസാന വർഷ വിദ്യാർത്ഥികളായ അന്നു ഷിജോ, അപ്പു അനികുമാർ, അഭയ് സജേഷ്, മുഹമ്മദ് ഷരീഫ് എന്നിവരാണ് ഈ നേട്ടത്തിന് പിന്നിൽ. ഇതേ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. റിങ്കു സക്കറിയയുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ ഈ പ്രോജക്റ്റ് പൂർത്തിയാക്കിയത്.
മൂന്ന് ഘട്ടങ്ങളായുള്ള അത്യാധുനിക ശുദ്ധീകരണംസാധാരണ വാട്ടർ പ്യൂരിഫയറുകളിൽ നിന്ന് വ്യത്യസ്തമായി, യാത്രകളിലും അടിയന്തര ഘട്ടങ്ങളിലും എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന ഒരു സ്മാർട്ട് ബോട്ടിലിന്റെ രൂപത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജലശുദ്ധീകരണത്തിനായി മൂന്ന് വ്യത്യസ്ത സാങ്കേതികവിദ്യകൾ ഇതിൽ ഒരുക്കിയിരിക്കുന്നു:
ആക്ടിവേറ്റഡ് ചാർക്കോൾ ഫിൽട്ടർ: വെള്ളത്തിലെ ക്ലോറിൻ, അനാവശ്യ മണങ്ങൾ, രാസമാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നു.
ഒസോൺ സ്റ്റെറിലൈസേഷൻ: സൂക്ഷ്മാണുക്കളെയും അണുക്കളെയും നശിപ്പിക്കാൻ മിനിയേച്ചർ ഒസോൺ ജനറേറ്റർ പ്രവർത്തിക്കുന്നു.
UVC LED ഡിസിൻഫെക്ഷൻ: 250–280 നാനോമീറ്റർ തരംഗദൈർഘ്യമുള്ള അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് പൂർണ്ണ അണുനശീകരണം ഉറപ്പാക്കുന്നു.
ഒരു എംബഡഡ് മൈക്രോകൺട്രോളർ വഴിയാണ് ഈ ശുദ്ധീകരണ പ്രക്രിയകൾ പൂർണ്ണമായും നിയന്ത്രിക്കുന്നത്. റീചാർജ് ചെയ്യാവുന്ന ബാറ്ററിയുള്ള ഈ ഉപകരണത്തിൽ യുഎസ്ബി ടൈപ്പ്-സി (USB Type-C) പോർട്ട് വഴി ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ആർക്കും വാങ്ങാവുന്ന കുറഞ്ഞ ചിലവ്സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രോജക്റ്റ് ചെയ്യണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു കണ്ടുപിടിത്തത്തിലേക്ക് നയിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. നിലവിൽ 1,000 രൂപയിൽ താഴെ മാത്രം ചിലവഴിച്ചാണ് ഇതിന്റെ പ്രോട്ടോടൈപ്പ് നിർമ്മിച്ചിരിക്കുന്നത്. വൻതോതിൽ ഉത്പാദനം ആരംഭിക്കുന്നതോടെ ഇതിന്റെ നിർമ്മാണ ചിലവ് ഇനിയും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് പ്രോജക്റ്റ് മെന്റർ ഡോ. റിങ്കു സക്കറിയ വ്യക്തമാക്കി.ലളിതമായ എഞ്ചിനീയറിംഗ് ആശയങ്ങൾ ഉപയോഗിച്ച് ദൈനംദിന ജീവിതത്തിലെ വലിയൊരു പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞ ഈ വിദ്യാർത്ഥി കൂട്ടായ്മയെ ഫിസാറ്റ് കോളേജ് അധികൃതരും സഹപാഠികളും അഭിനന്ദിച്ചു.






























