ഓസ്ട്രേലിയയിലെ Victoria സംസ്ഥാന സർക്കാർ വാഹന ഉടമകൾക്കായി പ്രത്യേക രജിസ്ട്രേഷൻ (Rego) റീബേറ്റ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി അർഹരായ വാഹന ഉടമകൾക്ക് 2025–26 സാമ്പത്തിക വർഷത്തെ വാഹന രജിസ്ട്രേഷൻ ഫീസിന്റെ 20 ശതമാനം വരെ തിരികെ ലഭിക്കും. ഒരു വാഹനത്തിന് പരമാവധി 186 ഡോളർ വരെ റീബേറ്റ് ലഭിക്കാനാണ് അവസരം.
2026 ജൂൺ 1 മുതൽ ജൂലൈ 31 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വ്യക്തികളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ലൈറ്റ് വാഹനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. കാറുകൾ, എസ്‌യുവികൾ, മോട്ടോർസൈക്കിളുകൾ, യൂട്ടുകൾ, വാനുകൾ, ലൈറ്റ് ട്രക്കുകൾ എന്നിവ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. ഒരാൾക്ക് പരമാവധി രണ്ട് വാഹനങ്ങൾക്കായി റീബേറ്റ് അപേക്ഷിക്കാം.
റീബേറ്റ് ലഭിക്കുന്നതിനായി വാഹന രജിസ്ട്രേഷൻ നമ്പർ, വിക്ടോറിയൻ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ VicRoads കസ്റ്റമർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സമർപ്പിക്കണം. അപേക്ഷകൾ service.vic.gov.au വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ സമർപ്പിക്കാം. അംഗീകരിക്കപ്പെടുന്ന അപേക്ഷകളിലെ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഭൂരിഭാഗം പേയ്‌മെന്റുകളും 30 ദിവസത്തിനുള്ളിൽ പ്രോസസ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
വർധിച്ചുവരുന്ന ജീവിതച്ചെലവും ഇന്ധനവിലയും നേരിടുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിനായാണ് വിക്ടോറിയൻ സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.






























