മെൽബൺ: ഉപഭോക്താക്കളുടെ താല്പര്യങ്ങളിലുണ്ടായ മാറ്റത്തെ തുടർന്ന് പ്രമുഖ ആസ്ട്രേലിയൻ റീട്ടെയിൽ ശൃംഖലയായ ലിൻക്രാഫ്റ്റ് തങ്ങളുടെ കടകളെല്ലാം പൂട്ടാൻ തീരുമാനിച്ചു. 80 വർഷത്തിലധികം പഴക്കമുള്ള ഈ ബ്രാൻഡ് ഇനി മുതൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ മാത്രമായിരിക്കും പ്രവർത്തിക്കുക.
സ്റ്റോറുകൾ പൂട്ടുന്നതോടെ ഏകദേശം 300 ഓളം ജീവനക്കാരെ ഇത് ബാധിക്കും. എന്നാൽ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും കമ്പനി ഉറപ്പായും നൽകും.നിലവിൽ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി 28 സ്റ്റോറുകളാണ് ലിൻക്രാഫ്റ്റിനുള്ളത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇവ ഓരോന്നായി അടച്ചുപൂട്ടും.വിപണിയിലെ കടുത്ത വെല്ലുവിളികൾ, ഉയർന്ന പ്രവർത്തനച്ചെലവ്, വിദേശത്ത് നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഉൽപ്പന്നങ്ങളുടെ മത്സരം എന്നിവയാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.1938-ൽ മെൽബണിൽ ഒരു ചെറിയ മാർക്കറ്റ് സ്റ്റാളായാണ് ലിൻക്രാഫ്റ്റ് ആരംഭിച്ചത്. പിന്നീട് തലമുറകളായി ആസ്ട്രേലിയൻ, ന്യൂസിലാൻഡ് ജനതയുടെ പ്രിയപ്പെട്ട ബ്രാൻഡായി ഇത് മാറി.ലിൻക്രാഫ്റ്റ് മാത്രമല്ല, ബാർബിക്യൂസ് ഗാലോർ (Barbeques Galore), മൊസൈക് ബ്രാൻഡ്സ് ഗ്രൂപ്പ് (Mosaic Brands Group) തുടങ്ങിയ മറ്റ് പ്രമുഖ ആസ്ട്രേലിയൻ റീട്ടെയിലർമാരും കഴിഞ്ഞ മാസങ്ങളിൽ സമാനമായ രീതിയിൽ വലിയ തോതിൽ സ്റ്റോറുകൾ പൂട്ടുകയോ ബിസിനസ് നിർത്തുകയോ ചെയ്തിട്ടുണ്ട്.






























