ഓസ്ട്രേലിയയിലെ മെൽബണിൽ ഒരുകിലോയിലധികം ഹെറോയിൻ കടത്താൻ ശ്രമിച്ച ഇരുപത്തിയാറുകാരിയായ തായ്ലൻഡ് സ്വദേശിനിയെ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് (AFP) അറസ്റ്റ് ചെയ്തു. മെൽബൺ എയർപോർട്ടിൽ വച്ചാണ് ഇവർ പിടിയിലായത്.
കഴിഞ്ഞ ജൂൺ 25-ന് അന്താരാഷ്ട്ര വിമാനത്തിൽ ജോലിയിലായിരുന്ന ഇവരുടെ ബാഗുകൾ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF) ഉദ്യോഗസ്ഥർ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അപാകതകൾ കണ്ടെത്തിയത്. ഇവർ കൈവശം വച്ചിരുന്ന 12 റ്റോട്ട് ബാഗുകളുടെ (tote bags) ലൈനിംഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെളുത്ത പൊടി രൂപത്തിലുള്ള മയക്കുമരുന്ന്. പ്രാഥമിക പരിശോധനയിൽ ഇത് ഹെറോയിൻ ആണെന്ന് സ്ഥിരീകരിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ ഏകദേശം 500,000 ഓസ്ട്രേലിയൻ ഡോളർ (അഞ്ച് ലക്ഷം ഡോളർ) വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.
മയക്കുമരുന്ന് ഇറക്കുമതി ചെയ്യൽ, കൈവശം വെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പരമാവധി 25 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. നിലവിൽ റിമാൻഡിലുള്ള പ്രതിയെ സെപ്റ്റംബർ 14-ന് മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ വീണ്ടും ഹാജരാക്കും. വിമാന ജീവനക്കാർ ഉൾപ്പെടെയുള്ള ഔദ്യോഗിക പദവികൾ ദുരുപയോഗം ചെയ്ത് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.































