പുതിയ വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ടിന്റെയും പരിസര പ്രദേശങ്ങളുടെയും വികസനം പൊതുജനങ്ങൾക്ക് ഇപ്പോൾ നേരിട്ട് കണ്ടറിയാം. ടോൾ ഇല്ലാത്ത പുതിയ 16 കിലോമീറ്റർ ‘M12 മോട്ടോർവേ’ വഴി യാത്ര ചെയ്താൽ കാറിലിരുന്ന് തന്നെ എയർപോർട്ട് പരിസരം കാണാൻ സാധിക്കും.
കൂടുതൽ അടുത്തറിയാൻ താല്പര്യമുള്ളവർക്ക് ലുഡ്ഡൻഹാമിലെ (100 Eaton Rd, Luddenham) ‘എക്സ്പീരിയൻസ് സെന്റർ’ സന്ദർശിക്കാവുന്നതാണ്. ഇവിടെയുള്ള പബ്ലിക് വ്യൂവിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് റൺവേയുടെയും എയർപോർട്ടിന്റെയും മനോഹരമായ കാഴ്ചകൾ കാണാം. (ചൊവ്വാഴ്ച മുതൽ വെള്ളി വരെ, രാവിലെ 10:00 മുതൽ വൈകുന്നേരം 4:00 വരെയാണ് പ്രവേശനം).
പ്രത്യേക ശ്രദ്ധയ്ക്ക്: എയർപോർട്ട് ടെർമിനലിന്റെ ഉള്ളിലേക്ക് ഇപ്പോൾ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കൃത്യമായ ബുക്കിംഗ് ഉള്ള ആളുകൾക്ക് മാത്രമേ ടെർമിനലിനകത്തേക്ക് കയറാൻ സാധിക്കൂ. എന്നാൽ പുറത്തുനിന്നും വ്യൂവിംഗ് പ്ലാറ്റ്‌ഫോമിൽ നിന്നും എയർപോർട്ട് കാണാനുള്ള മികച്ച അവസരമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.
ആദ്യ പാസഞ്ചർ ഫ്ലൈറ്റ് ഒക്ടോബർ 25-ന്!
വെസ്റ്റേൺ സിഡ്നി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ഏറ്റവും ആദ്യത്തെ പാസഞ്ചർ ഫ്ലൈറ്റ് സർവീസ് ഒക്ടോബർ 25-ന് ആരംഭിക്കും. ഗോൾഡ് കോസ്റ്റിലേക്കുള്ള (Gold Coast) ‘JQ362’ ഫ്ലൈറ്റാണ് ഇവിടെ നിന്നും ആദ്യമായി പറന്നുയരുന്നത്. വെസ്റ്റേൺ സിഡ്നി ലോകത്തിലേക്കുള്ള പുതിയൊരു വാതിലായി മാറാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.































