കാൻബെറ: അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ മരുന്ന് വിലനിർണ്ണയ നയങ്ങളെത്തുടർന്ന് ഓസ്‌ട്രേലിയയിലെ മരുന്ന് വിപണി കടുത്ത പ്രതിസന്ധിയിലേക്ക്. ഒപ്പിയോയിഡ് ആശ്രിതത്വം ചികിത്സിക്കാൻ ഉപയോഗിക്കുന്ന ‘സബ്‌ലോക്കേഡ്’, സ്തനാർബുദ ചികിത്സയ്ക്കുള്ള ‘സൊലാഡെക്സ്’ തുടങ്ങിയ നിർണ്ണായക മരുന്നുകൾ ഓസ്‌ട്രേലിയൻ വിപണിയിൽ നിന്ന് പിൻവലിക്കാൻ കമ്പനികൾ തീരുമാനിച്ചു.
ഓപ്പിയോയിഡ് ചികിത്സയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന, ഇൻഡിവിവർ കമ്പനിയുടെ സബ്‌ലോക്കേഡ് ഡിസംബർ 31-ഓടെ വിപണിയിൽ നിന്ന് പിൻവലിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലഹരിവിമുക്ത ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘സബ്‌ലോകേഡ്’ (Sublocade) എന്ന കുത്തിവയ്പ്പ് മരുന്നാണ് വിപണിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നത്. ഇത് രാജ്യത്ത് വലിയ തോതിലുള്ള മരുന്ന് പ്രതിസന്ധിക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.ലഹരിക്ക് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന മരുന്നാണിത്.മാസംതോറും നൽകുന്ന ഈ കുത്തിവയ്പ്പ് പെട്ടെന്ന് നിർത്തുന്നത് രോഗികളിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
സാമ്പത്തികമായ ലാഭമില്ലായ്മയാണ് പിൻവലിക്കലിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. സബ്‌ലോക്കേഡിന് പകരമായി ‘ബുവിഡൽ’ ലഭ്യമാണെങ്കിലും, പല രോഗികൾക്കും സബ്‌ലോക്കേഡ് കൂടുതൽ ഫലപ്രദമാണെന്നും അതിന്റെ പിൻമാറ്റം രോഗികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും മെൽബണിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
നേരത്തെ, ആസ്ട്രസെനെക്ക കമ്പനിയും സമാനമായ കാരണത്താൽ സ്തനാർബുദത്തിനും എൻഡോമെട്രിയോസിസിനും നൽകുന്ന സൊലാഡെക്സ് (3.6mg) നവംബർ ഒന്നു മുതൽ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ മരുന്ന് പിൻവലിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
അമേരിക്ക നടപ്പിലാക്കുന്ന ‘മോസ്റ്റ് ഫവേർഡ് നേഷൻസ്’ നയമാണ് ഈ പ്രതിസന്ധിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. അമേരിക്കൻ പൗരന്മാർക്ക് കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനായി, മരുന്ന് കമ്പനികൾ മറ്റ് രാജ്യങ്ങളിൽ ഈടാക്കുന്ന അതേ വിലയിൽ അമേരിക്കയിലും മരുന്നുകൾ വിൽക്കണമെന്നാണ് ഈ നയം അനുശാസിക്കുന്നത്. ഇതുകാരണം അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ ലാഭം കുറയുമെന്ന് ഭയക്കുന്ന കമ്പനികൾ, ഓസ്‌ട്രേലിയ പോലുള്ള ചെറിയ വിപണികളിൽ നിന്ന് മരുന്നുകൾ പിൻവലിക്കുകയോ വില വർദ്ധിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്.
മരുന്ന് കമ്പനികളുടെ ഇത്തരം തീരുമാനങ്ങൾ സർക്കാരിന് തടയാൻ കഴിയില്ലെന്നും, രോഗികൾക്ക് സുരക്ഷിതമായ മരുന്നുകൾ ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ മരുന്നുകളുടെ ദൗർലഭ്യം വരും മാസങ്ങളിൽ രോഗികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ ആശങ്ക.































