ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ നിന്നുള്ള സന്ദർശകർക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാൻ തായ്‍ലൻഡ് മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. ഇന്ത്യൻ വിനോദസഞ്ചാരികളുടെ യാത്രാ രീതികൾക്ക് അനുസൃതമായി 30 ദിവസത്തെ വിസരഹിത പ്രവേശനം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ടൂറിസം മന്ത്രി സുരസാക് പഞ്ചരോയൻവൊരാകുൽ അറിയിച്ചു. ഭാവിയിൽ ഈ നടപടി കാരണം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, സർക്കാരിന് തീരുമാനം പുനഃപരിശോധിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ഇന്ത്യക്കാർക്ക് 60 ദിവസം വിസയില്ലാതെ തായ്‍ലൻഡിൽ തുടരാൻ അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മെയ് മാസമാണ് ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളുടെ 60 ദിവസത്തെ വിസരഹിത പ്രവേശനം നിർത്തലാക്കാൻ തായ്‍ലൻഡ് മന്ത്രിസഭ നീക്കം നടത്തിയിരുന്നത്. ഇതേ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ആണ് ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പൂർണമായും നിർത്തലാക്കാതെ, 60 ദിവസത്തിൽനിന്ന് 30 ദിവസമായി പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.
തായ്‍ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ചൈന, മലേഷ്യ എന്നീ രാജ്യക്കാർ കഴിഞ്ഞാൽ ഇന്ത്യക്കാരാണ് മുന്നിൽ. നിലവിൽ ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 60 ദിവസം വിസയില്ലാതെ രാജ്യത്ത് തുടരാൻ അനുമതിയുണ്ട്. തായ്‍ലൻഡ് ഇതുവരെ ഇന്ത്യയടക്കം 93 രാജ്യങ്ങൾക്ക് 60 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിച്ചിരുന്നു. എന്നാലിത് 54 രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താനായിരുന്നു സർക്കാരിന്റെ നീക്കം. യോഗ്യരായ രാജ്യങ്ങൾക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനും സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും നടപ്പിലായില്ല.
ഇന്ത്യയ്ക്ക് പുറമേ, ക്രൊയേഷ്യ, ബൾഗേറിയ, സിപ്രസ്, മാൾട്ട, മാലദ്വീപ് എന്നീ രാജ്യക്കാർക്കും 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാനും തായ്‍ലൻഡ് സർക്കാർ തീരുമാനിച്ചു. ഇതോടെ 30 ദിവസത്തെ വിസരഹിത പ്രവേശനത്തിന് അനുമതിയുള്ള രാജ്യങ്ങളുടെ എണ്ണം 60 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ട്. തായ്‍ലൻഡ് പാസ്പോർട്ട് ഉടമകൾക്ക് ഷെങ്കൻ വിസ നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യൂറോപ്യൻ യൂണിയൻ രാജ്യക്കാർക്കും ഇളവ് അനുവദിച്ചത്.































