മെൽബൺ: ഓസ്‌ട്രേലിയയിലേക്ക് വൻതോതിൽ വ്യാജ പുകയില ഉൽപ്പന്നങ്ങൾ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്ത കേസിൽ 42 വയസുകാരനായ വിക്ടോറിയൻ സ്വദേശിക്ക് 4 വർഷവും 6 മാസവും തടവ് ശിക്ഷ വിധിച്ചു. വിക്ടോറിയ കൗണ്ടി കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുറഞ്ഞത് 2 വർഷവും 6 മാസവും തടവ് അനുഭവിച്ച ശേഷമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.
ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്സിന്റെ (Australian Border Force) നേതൃത്വത്തിലുള്ള ഇല്ലിസിറ്റ് ടുബാക്കോ ടാസ്‌ക്ഫോഴ്‌സ് (ITTF) നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 2018 ഫെബ്രുവരി ഒക്ടോബർ മാസങ്ങൾക്കിടയിൽ ഇയാൾ നാല് നിയമവിരുദ്ധ ഷിപ്‌മെന്റുകൾ വഴി പുകയില ഉൽപ്പന്നങ്ങൾ കടത്തിയതായി കണ്ടെത്തി. ഏകദേശം 2.02 കോടി വ്യാജ സിഗരറ്റുകളും 8.7 ടൺ ലൂസ് ലീഫ് പുകയിലയുമാണ് ഇത്തരത്തിൽ കടത്തിയത്. ഇതിലൂടെ ഏകദേശം 2.38 കോടി ഓസ്‌ട്രേലിയൻ ഡോളറിന്റെ (AUD) നികുതി വെട്ടിപ്പാണ് ഇയാൾ നടത്താൻ ശ്രമിച്ചത്.
ചരക്കുകൾ അടങ്ങിയ പെട്ടികളിൽ റഗ്ഗുകൾ, കർട്ടനുകൾ, ഇൻസ്റ്റന്റ് നൂഡിൽസ്, ഫർണിച്ചറുകൾ എന്നിവയാണെന്ന് കസ്റ്റംസ് ഡിക്ലറേഷനിൽ വ്യാജമായി രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പ്. വിദേശ ഏജൻസികളുമായി ആശയവിനിമയം നടത്തി പുകയില ഉൽപ്പന്നങ്ങൾ സംഭരിക്കാൻ ഫാക്ടറികളും സ്റ്റോറേജ് സൗകര്യങ്ങളും വാടകയ്‌ക്കെടുക്കുകയും ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തത് ഇയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
ഇന്തോനേഷ്യയിൽ നിന്നും മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രതിയെ 2019 ഡിസംബർ 21-നാണ് കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തത്. കസ്റ്റംസ് നിയമങ്ങൾ ലംഘിച്ച് സർക്കാരിനെ വൻതോതിൽ നികുതി വെട്ടിച്ച് പുകയില ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചതിനാണ് കോടതി ഇയാൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കിയത്. പുകയില കടത്ത് വലിയ ലാഭമുള്ളതും സുരക്ഷിതവുമായ ഒന്നാണെന്ന് കരുതുന്ന കുറ്റവാളികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ വിധി എന്ന് എബിഎഫ് കമാൻഡർ ഗ്രെഗ് ഡൗസ് വ്യക്തമാക്കി.






























