കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പോലീസ്. എറണാകുളം റൂറൽ സൈബർ പോലീസാണ് നോട്ടീസ് നൽകിയത്.
അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വലിയ വിഭാഗത്തിന്റെ ശ്രദ്ധ ഇവരിലേക്കെത്തി. പിന്നീട് സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യപ്പോരാണ് യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചത്. യൂട്യൂബ്- ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തർക്കമാണ് സുഹൃത്തുക്കളായിരുന്നവർ തമ്മിൽ പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിയത് എന്നാണ് വിവരം.




























