ബെംഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലാണ് സംഭവം. കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്.ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു തീപിടിത്തം. എൻആർഐ ലേഔട്ടിലെ യാർഡിൽ 500ലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഫുഡ് ഡെലിവറി ജീവനക്കാർ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങൾ വൈകിട്ട് ജോലി പൂർത്തിയാക്കി തിരിച്ചെത്തിക്കുന്നതായിരുന്നു രീതി. ഇതിനൊപ്പം സർവീസിനായി കൊണ്ടുവന്ന വാഹനങ്ങളും നിർത്തിയിട്ടിരുന്നു.
പതിവുപോലെ വൈകുന്നേരം ഏഴുമണിയോടെ യാർഡിൻ്റെ ഗേറ്റ് പൂട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. രാത്രി എട്ടരയോടെ യാർഡിൽ തീ ആളുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപെടുകയും ഫയർ ഡിപ്പാർട്ട്മെൻ്റിനെ അറിയിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ തീ സമീപത്തുള്ള വാഹനങ്ങളിലേക്കും പടർന്നു. നാല് മണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.






























