ആലിസ് സ്പ്രിംഗ്സ്: 2027 മുതൽ Centralian Middle Schoolയും Centralian Senior Collegeയും ലയിച്ച് Alice Springs College എന്ന പേരിൽ പുതിയ സെക്കൻഡറി സ്കൂൾ പ്രവർത്തനം ആരംഭിക്കാനിരിക്കെ, അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ച $500,000 മതിയാകില്ലെന്ന് Australian Education Union (AEU)യും സ്കൂൾ സമൂഹവും.
രണ്ട് സ്കൂളുകളെയും ലയിപ്പിച്ച് Years 7 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി പുതിയ വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ആദ്യഘട്ടത്തിൽ Years 7 മുതൽ 10 വരെയുള്ള ക്ലാസുകൾ നിലവിലെ Centralian Middle School ക്യാമ്പസിലും Years 11, 12 ക്ലാസുകൾ നിലവിലെ Centralian Senior College ക്യാമ്പസിലുമാകും പ്രവർത്തിക്കുക. 2028 മുതൽ മുഴുവൻ വിദ്യാർത്ഥികളെയും Centralian Middle School സൈറ്റിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
എന്നാൽ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിലവിലെ സൗകര്യങ്ങൾ മതിയാകില്ലെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആശങ്ക. ക്ലാസ് മുറികൾ, സയൻസ് ലാബുകൾ, കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ഹാൾ, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ എന്നിവ നവീകരിക്കേണ്ടതുണ്ടെന്ന് AEU ചൂണ്ടിക്കാട്ടുന്നു.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്നാണ് സ്കൂൾ സമൂഹത്തിന്റെ ആവശ്യം. ലിഫ്റ്റുകൾ ഉൾപ്പെടെയുള്ള ആക്സസിബിലിറ്റി സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.
Alice Springs-ലെ ഉയർന്ന വേനൽച്ചൂട് കണക്കിലെടുക്കുമ്പോൾ സ്കൂളിലെ എയർ കണ്ടീഷനിംഗ് സംവിധാനങ്ങളുടെ നവീകരണം അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാണെന്നും യൂണിയൻ പറയുന്നു. പുതിയ സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ കൂടുതൽ നിക്ഷേപം വേണമെന്നാണ് AEUയുടെ നിലപാട്.
അതേസമയം, $500,000 അധിക ഫണ്ട് ആവശ്യമുള്ള എല്ലാ നവീകരണങ്ങൾക്കും മതിയാകില്ലെന്ന് സർക്കാർ സമ്മതിക്കുന്നതായി NT വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആവശ്യമായ മേഖലകൾ പരിശോധിച്ച ശേഷം കൂടുതൽ ധനസഹായം നൽകുമെന്നും വകുപ്പ് വ്യക്തമാക്കി. എന്നാൽ അധികമായി എത്ര തുക അനുവദിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പുതിയ Alice Springs College-ൽ അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം vocational education and training (VET) അവസരങ്ങൾക്കും പ്രാധാന്യം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലെ Centralian Senior College സൈറ്റ് പിന്നീട് പ്രാദേശിക വ്യവസായ, തൊഴിൽ പരിശീലന, ഫ്ലെക്സിബിൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും പദ്ധതിയുണ്ട്.
2027 അധ്യയന വർഷത്തിന് മുമ്പ് ആവശ്യമായ നവീകരണങ്ങൾ പൂർത്തിയാക്കുകയും വിദ്യാർത്ഥികൾക്ക് സുരക്ഷിതവും അനുയോജ്യവുമായ പഠനാന്തരീക്ഷം ഒരുക്കുകയും ചെയ്യണമെന്നാണ് സ്കൂൾ സമൂഹത്തിന്റെ ആവശ്യം. കൂടുതൽ ഫണ്ടിന്റെ കാര്യത്തിൽ സർക്കാർ എടുക്കുന്ന തീരുമാനം ഇനി നിർണായകമാകും.





























